മലപ്പുറം: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രിയങ്കഗാന്ധി ഇടപെടുമെന്ന് രാഹുല്‍ ഗാന്ധി. സിദ്ദീഖ് കാപ്പനെ ജയിലലടച്ച ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി കോണ്‍ഗ്രസ് ഗൗരവമായി കാണുന്നു. വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും സജീവമായി ഇടപെടുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്.
മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് സിദ്ദിഖ് കാപ്പന്റെ വിഷയം ശ്രദ്ധയില്‍ പെടുത്തി നിവേദനം നല്‍കിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോണ്‍ഗ്രസ് നേതാവ് ഫാത്തിമ റോഷ്‌ന എന്നിവര്‍ക്കാണ് വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി ഇടപെടുമെന്ന ഉറപ്പ് രാഹുല്‍ നല്‍കിയത്.
സിദ്ദിഖ് കാപ്പനെതിരെ യു.എ.പി.എ, രാജ്യദ്രോഹം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിന് പിന്നാലെ ഹാത്രസില്‍ കലാപത്തിന് ശ്രമിച്ചെന്ന പേരില്‍ പുതിയ കേസും ചുമത്തിയിട്ടുണ്ട്.