ബെംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാറിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ആകാശം തന്നെ ഇടിഞ്ഞു വീണാലും ഓപ്പറേഷന്‍ താമരയില്‍ വീണ് പാര്‍ട്ടിയെ ഒറ്റിയവരെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏറെ നാള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചിരുന്നു. 99 പേര്‍ കുമാരസ്വാമി സര്‍ക്കാറിനെ അനുകൂലിച്ചപ്പോള്‍ 105 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു.
16 കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരുടെ രാജിയെ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. ഡിവിഷന്‍ ഓഫ് വോട്ട് രീതി പ്രകാരമാണ് വിശ്വാസവോട്ടെടുപ്പ് നടന്നത്. 224 അംഗ നിയമസഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 118 അംഗങ്ങളാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് 78, ജെ.ഡി.എസ് 37, ബി.എസ്.പി 1, നാമനിര്‍ദേശം ചെയ്യപ്പെട്ട ഒരംഗം എന്നിങ്ങനെ. ബി.ജെ.പിക്ക് 105 അംഗങ്ങളുമുണ്ടായിരുന്നു. 14 മാസമാണ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നത്.