ബെംഗളൂരു: ഇനി വികസനത്തെക്കുറിച്ച് തങ്ങളെ പഠിപ്പിക്കാന്‍ വരരുതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യു.പി ഉപതെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. എസ്.പിയേയും ബി.എസ്.പിയേയും അഭിനന്ദിക്കുന്നുവെന്നും ബി.ജെ.പി ഇതര പാര്‍ട്ടികളുടെ ഐക്യം വിജയത്തില്‍ നിര്‍ണായകമായെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യോഗി ആദിത്യനാഥ് നാലുതവണ കര്‍ണാടക സന്ദര്‍ശിച്ചിരുന്നു. ഹൂബ്ലി, ബെംഗളൂരു, ദാവനാഗെരെ, മംഗളൂരു എന്നിവിടങ്ങളില്‍ പ്രസംഗിച്ച യോഗി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസിനെ ഇല്ലാതാക്കിയാല്‍ മാത്രമേ കര്‍ണാടകയില്‍ വികസനം വരൂ എന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിന് മറുപടിയായാണ് ഇനി വികസനത്തെക്കുറിച്ച് പഠിപ്പിക്കരുതെന്ന് സിദ്ധരാമയ്യ മറുപടി പറഞ്ഞത്.
കഴിഞ്ഞ ദിവസം യു.പിയിലെ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ഥികള്‍ വന്‍ വിജയം നേടിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച മണ്ഡലമാണ് ഗൊരഖ്പൂര്‍. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്നു ഫുല്‍പൂര്‍.