ബംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
അമിത് ഷാ ഒരു മുന്‍ ജയില്‍പക്ഷിയാണെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. സിദ്ധരാമയ്യ എന്നാല്‍ അഴിമതിയും,അഴിമതി എന്നാല്‍ സിദ്ധരാമയ്യയാണെന്നുമുള്ള അമിത്ഷായുടെ വിവാദപരാമര്‍ശത്തിന് മറുപടിയെന്നോണമാണ് അദ്ദേഹം ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ മുന്‍ ജയില്‍ പക്ഷിയായിരുന്ന അമിത് ഷാ തെരഞ്ഞെടുത്തിരിക്കുന്നത് മറ്റൊരു ജയില്‍പക്ഷിയെയാണ്. തന്റെയോ, സര്‍ക്കാരിന്റെയോ പേരില്‍ അഴിമതി തെളിയിക്കാന്‍ രേഖകള്‍ ഉണ്ടോ? വെറുതെ കള്ളങ്ങള്‍ പടച്ചുവിടുന്നത് നിങ്ങളെ രക്ഷിക്കുകയില്ല, നിങ്ങളുടെ പൊള്ളത്തരങ്ങളെ ജനം വിശ്വസിക്കുകയില്ലെന്നുമാണ് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തിരിക്കുന്നത്. കര്‍ണ്ണാടക മുന്‍ ബിജെപി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെയും സിദ്ധരാമയ്യ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ അനധികൃതമായി സ്ഥലങ്ങള്‍ കയ്യേറിയതില്‍ കുറ്റവാളിയാണ് യെദ്യൂരപ്പ. ഈ കേസില്‍ 2016 ല്‍ ഇദ്ദേഹം ജയിലിലായിരുന്നു.
മാത്രമല്ല, ഗുജറാത്തില്‍ ആദ്യന്തരമന്ത്രിയായിരുന്ന കാലത്ത് അമിത് ഷായെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. യെദ്യൂരപ്പയെ പോലെ അമിത്ഷായും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഇവര്‍ ഒരേ തൂവല്‍ പക്ഷികളാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.