ബെംഗളൂരു: തനിക്ക് ബീഫ് കഴിക്കാന്‍ ഇഷ്ടമാണെന്ന് തുറന്നുപറഞ്ഞ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും സിദ്ധരാമയ്യ. കര്‍ണാടക കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തിനിടെയാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. കര്‍ണാടകയില്‍ ഗോവധനിരോധന നിയമം കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്.
”കന്നുകാലികളുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് ഒരിക്കൽ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ആരാണ് അതിനെ ചോദ്യം ചെയ്യാനുള്ളത്? ഭക്ഷണ ശീലങ്ങൾ എെൻറ അവകാശമാണ്. നിങ്ങൾ കഴിക്കുന്നില്ലെങ്കിൽ കഴിക്കണ്ട. എനിക്ക് ഇഷ്ടമായതുകൊണ്ട് കഴിക്കുന്നു. ഇതു പറയാൻ ഒരാൾക്കെങ്കിലും ധൈര്യമുണ്ടാകണം” -സിദ്ധരാമയ്യ പറഞ്ഞു.
പ്രതിഷേധം ഭയന്ന് പലരും ഇത് തുറന്നുപറയാൻ ഭയപ്പെടുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ആരെങ്കിലും വിമർശിക്കുമെന്ന് കരുതി പലരും മിണ്ടാതെയിരിക്കുകയാണ്. സ്വന്തമായി ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ അവർ ഭയപ്പെടുകയാണ്. ഇത്തരം സംശയങ്ങളിൽനിന്ന് നമ്മൾ പുറത്തുകടക്കണം. പശുക്കളെ കർഷകർ ഗോമാതാവായാണ് കാണുന്നത്. എന്നാൽ, പ്രായം ചെന്ന പശുക്കളെയും എരുമകളെയും അവർ എവിടെ കൊണ്ടുപോയി നൽകും? ഒരു ദിവസം ചുരുങ്ങിയത് 100 രൂപയെങ്കിലും അതിനെ പരിപാലിക്കാൻ വേണ്ടിവരും? കർഷകർക്ക് അത് ആരു നൽകുമെന്നും സിദ്ധരാമയ്യ ചോദിച്ചു.