ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയേയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘പ്രധാനമന്ത്ര മോദി ഒരു അടിസ്ഥാനമില്ലാതെ എന്തൊക്കെയോ പ്രസംഗിച്ച് പോവുകയാണ്. അദ്ദേഹവുമായല്ല താന്‍ മത്സരിക്കുന്നത്. യെദിയൂരപ്പയുമായാണ്. നേരിട്ട് സംവാദത്തിന് വരാന്‍ യെദിയൂരപ്പ തയ്യാറുണ്ടോ? മോദിക്കും വരാവുന്നതാണ്..’സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.
അടുത്ത ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പോര് മുറുകുമ്പോള്‍ സിദ്ധരാമയ്യയുടെ ജനപ്രീതിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണ് ബി.ജെ.പി. അഴിമതിക്കെതിരെ സംസാരിക്കുമ്പോഴും അഴിമതിക്കാരായ യെദിയൂരപ്പയേയും റെഡ്ഢി സഹോദരന്‍മാരേയും മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബി.ജെ.പി നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് കോണ്‍ഗ്രസ് തുറന്നുകാണിച്ചതോടെ ബി.ജെ.പി നേതൃത്വം വലിയ പ്രതിസന്ധിയിലാണ്.
നടന്‍ പ്രകാശ് രാജ്, ദളിത് നേതാവ് ജിഗ്നേശ് മേവാനി തുടങ്ങിയവരും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ബി.ജെ.പിക്കെതിരെ ശക്തമായി രംഗത്തുണ്ട്. ഒരു മാസം ഷൂട്ടിങ് നിര്‍ത്തിവെച്ചാണ് പ്രകാശ് രാജ് ബി.ജെ.പിക്കെതിരെ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്.