X

സിദ്ദിഖിന്റെ അറസ്റ്റ് ഉടന്‍; ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി

ബലാൽസംഗക്കേസിൽ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ തീരുമാനം. ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഒളിവില്‍ കഴിയുന്ന സിദ്ദിഖിനായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. ഒളിവിലുള്ള സിദ്ദിഖിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിമാനത്താവളങ്ങളില്‍ എല്‍ഒസിയും ഇറക്കിയിട്ടുണ്ട്. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്‍പ് അറസ്റ്റ് ചെയ്യാനാണ് പൊലീസ് തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നത്.

സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. 2016ൽ പീഡിപ്പിച്ചതായാണ് യുവനടി വെളിപ്പെടുത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

സിദ്ദിഖിന്റെ പടമുകളിലെ വീടും ആലുവയിലെ വീടും പൊലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇന്നലെ രാത്രി മുതല്‍ സിദ്ദിഖ് സംസാരിച്ച ഫോണ്‍ കോള്‍ വിവരങ്ങള്‍ പൊലീസ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിച്ചു. അവസാനമായി സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നത് പാലാരിവട്ടത്താണ്. അതിനാല്‍ കൊച്ചി കേന്ദ്രീകരിച്ച് വന്‍ തിരച്ചിലാണ് പൊലീസ് നടത്തുന്നത്.

webdesk14: