X

സ്വാമി പറഞ്ഞു; ഇതെന്റെ ബാധ്യതയാണ്

ഷഹബാസ് വെള്ളില

 

നഗ്നപാദനായി, തൂവെള്ള വസ്ത്രവും അതുപോലെ നിറവും തിളക്കവുമുള്ള താടിയും മുഖവുമുള്ള ആ സന്യാസി പതിവുതെറ്റാതെ ഇടക്കിടക്ക് ജയിലില്‍ വരും. ഒന്നര മാസത്തിനുള്ളില്‍ ഒരിക്കല്‍ എന്നതാണ് ഓര്‍മ. മധുര ജയിലിലും പിന്നീട് കിടന്ന ലക്‌നൗ ജില്ലാ ജയിലിലും നിരവധി തവണ അദ്ദേഹം വന്നു. കൈയില്‍ സമ്മാനങ്ങളുണ്ടാകും. പുതപ്പും പഴങ്ങളും പുസ്തകങ്ങളുമെല്ലാം ഉണ്ടാകും. യു.എ.പി.എ ചുമത്തി യു.പി പൊലീസ് തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനെ കാണാന്‍ കൊടും തണുപ്പിലും ചൂടിലും പ്രായം ഒരുപാടായ ഈ സന്യാസി എന്തിനാണ് വരുന്നതെന്ന ചോദ്യങ്ങളോട് ആദ്യമൊന്നും അയാളും പ്രതികരിച്ചില്ല. നിറഞ്ഞ പുഞ്ചിരിയായിരുന്നത്രെ മറുപടി.

പലവട്ടം ചോദിച്ചപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ സന്യാസി മറുപടി നല്‍കി ‘ഈ ഇരുണ്ട കാലത്ത് എന്റെ കടമയും ബാധ്യതയും ഇതാകുന്നു’. പിന്നീട് ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല. ഭരണകൂട ഭീകരതക്ക് ഇരായായി നീണ്ട 28 മാസത്തെ ജയില്‍ വാസത്തിനും, 6 മാസക്കാലത്തെ വിട്ട് തടങ്കലിന് സമാപനമായ ഡല്‍ഹി വാസത്തിനും ശേഷം വേങ്ങരയിലെ വീട്ടില്‍ തിരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വാക്കുകളാണ്. ജയില്‍ ഓര്‍മ്മകളില്‍ ഏറെ പ്രിയപ്പെട്ട ഓര്‍ത്തെടുക്കുകയായിരുന്നു അദ്ദേഹം. മലയാളി മാധ്യമപ്രവര്‍ത്തകന്‍ വഴിയാണ് സന്യാസി തന്നെ കാണാന്‍ വരുന്നതെന്നും പിന്നീട് നിത്യ സന്ദര്‍ശകാനായെന്നും അദ്ദേഹം പറയുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം മുഖമുദ്രയാക്കി രാജ്യം വിഭജിച്ച് ഭരിക്കുന്നവര്‍ തോറ്റുപോകുന്നത് ഇത്തരത്തില്‍ നന്മയും സ്‌നേഹവും മാനവികതയും ഉയര്‍ത്തിപിടിക്കുന്ന ആനേകായിരം പേരുടെ മുന്നിലാണെന്നും സിദ്ദീഖ് കാപ്പന്‍ സാക്ഷ്യപ്പെടുത്തുന്നു. ജയില്‍ മോചിതനായതിന് ശേഷം ഡല്‍ഹിയിലെ വീട്ടിലേക്കും സ്വാമി നാരായണന്‍ ദാസ് വന്നിരുന്നു. മലയാള പത്രങ്ങളും ഭക്ഷണ സാധനങ്ങളുമായിരുന്നു സമ്മാനം. ആരും കാണാതെ എവിടെയെങ്കിലും പണം വെച്ച് പോകുന്നതും പതിവായിരുന്നു. രണ്ടായിരവും മൂവായിരിവുമെല്ലാം ഉണ്ടാകും.

ദൈവദൂതനെ പോലെ തന്നെയാണ് അദ്ദേഹത്തെ കാണുന്നതെന്നും സിദ്ദീഖ് കാപ്പന്‍ പറയുന്നു. മുസ്‌ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് മുനവ്വറളി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എന്നിവരും ശശി തരൂര്‍ എം.പിയും വലിയ സഹായം ചെയ്തു. സിറ്റിങിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന കബില്‍ സിബല്‍ ഒരു രൂപ പോലും വര്‍മ ജാമ്യം നിന്നു. കെ.എ ഷാജിയെന്ന മലയാളി മാധ്യമപ്രവര്‍ത്തകനാണ് അതിനായി ശ്രമിച്ചത്. ഡല്‍ഹിയിലേയും പത്രപ്രവര്‍ത്തക യൂണിയനും സുഹൃത്തുക്കളും കുടുംബവും വലിയ പിന്തുണയും ബലവുമായിരുന്നു. സിദ്ദീഖ് പറഞ്ഞു. 28 മാസത്തെ നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് സിദ്ദീഖ് കാപ്പന്‍ വേങ്ങര പൂച്ചോലമാട്ടിലെ വീട്ടിലെത്തുന്നത്. ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ഹത്രാസിലേക്ക് റിപ്പോര്‍ട്ടിങ്ങിനായി പോകുന്നതിനിടെ 2020 ഒക്ടോബര്‍ 5നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 02 ലഖ്‌നൗ ജയിലില്‍ നിന്ന് മോചിതനായിരുന്നുവെങ്കിലും 6 ആഴ്ച കാലാവധി നിശ്ചയിച്ച് എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീന്‍ ജയിലില്‍ നേരില്‍ ചെന്ന് ഒപ്പ് വെക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇതിനിടെയാണ് ഇത് പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം രാത്രിയോടെ വീട്ടിലെത്തിയത്. ഇനി തിങ്കളാഴ്ചകളില്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഒപ്പിടണം.

നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു

തീവ്രവാദിയാക്കി മുദ്രകുത്തി ജയിലിലടച്ചപ്പോഴും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടായിരുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്ന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ബി.ജെ.പി നേതാവിന്റെ മകനായിരുന്നു സര്‍ക്കാര്‍ വക്കീല്‍. എന്നാല്‍ ഇവര്‍ ഉയര്‍ത്തിയ ദുര്‍ബല വാദങ്ങളും കള്ള സാക്ഷികളും തെളിവുകളും കോടതി തള്ളി. ഒരുവേള ജഡ്ജിയും പ്രോസിക്യൂട്ടറും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗ സമരത്തില്‍ വിതരണം ചെയ്ത ലഘുലേഖ കോപ്പിയെടുത്ത് ഹത്രസ്സില്‍ വിതരണം ചെയ്തതാണ് വരെ പറഞ്ഞു. ഇതെല്ലാം കോടതിയില്‍ പൊളിഞ്ഞു.

പാക്കിസ്ഥാനില്‍ പോയില്ലേ, സാക്കിര്‍ നായിക്കിനേ കണ്ടിട്ടില്ലേ

പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ കണ്ടിട്ടില്ലേയെന്നും എന്നാണ് പാക്കിസ്ഥാനില്‍ പോയതെന്നടക്കമുള്ള ചോദ്യങ്ങളും പരിഹാസങ്ങളുമായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. മുഖത്തടിക്കലും അപമാനിക്കലും സഹിച്ചു. ബീഫ് കഴിക്കാറില്ലേ എന്ന് ചോദിച്ചു. തീവ്രവാദിയാക്കി മുദ്രകുത്തി അതിനനുസരിച്ചുള്ള പെരുമാറ്റവും ചോദ്യം ചെയ്യലുമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

എസ്.ഡി.എം മുമ്പാകെ ഹാജരാക്കാന്‍ കൊണ്ടുപോകുന്നത് ബി.ജെ.പിയുടെ കൊടി വെച്ച കാറിലായിരുന്നു. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഏറെ മാനസികവും ശാരീരികവുമായ പീഡനമാണ് നേരിട്ടത്. അയ്യായിരം പേജുള്ള ചാര്‍ജ്ജ് ഷീറ്റില്‍ നിറയെ കള്ളങ്ങളായിരുന്നു. കോടതിക്ക് എല്ലാം ബോധ്യപ്പെട്ടു. കോടതിക്ക് മുമ്പാകെ സത്യം ബോധിപ്പിക്കാനായി എന്നതാണ് ജാമ്യം ലഭിക്കാന്‍ പ്രധാനപ്പെട്ട കാരണം.

അവര്‍ നിരത്തിയ തെളിവുകും സാക്ഷികളും കള്ളമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. യു.എ.പി.എ കേസില്‍ ജാമ്യം ലഭിക്കുന്നുവെന്നത് തന്നെ കോടതി മുമ്പാകെ സത്യം തെളിയിക്കാനായി എന്നതുകൊണ്ടാണ്. അനേകം കള്ള തെളിവുകയും സാക്ഷികളും നിരത്തപ്പെട്ടു. എന്നാല്‍ ഒന്നിനും വിശ്വാസ്യതയുണ്ടായിരുന്നില്ല. കേസ് വീണ്ടും ലക്‌നൗ സെക്ഷന്‍ കോടതി വെള്ളിയാഴ്ച്ച പരിഗണിക്കുന്നുണ്ട്. വക്കീല്‍ ഹാജരാകും.

 

webdesk14: