ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനായുള്ള തിരച്ചില്‍ ഊര്‍ജിമാകുന്നതിനിടെ എറണാകുളത്തെ വീട്ടില്‍ സിദ്ദീഖ് ഇല്ലെന്ന് കെയര്‍ടേക്കര്‍ പറഞ്ഞു. കുട്ടമശ്ശേരിയിലെ വീട്ടില്‍ വന്നത് പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണെന്നും ഇപ്പോള്‍ സിദ്ദീഖ് എവിടെയാണെന്ന് അറിയില്ലെന്നും കെയര്‍ടേക്കര്‍ പറഞ്ഞു. താന്‍ ഇവിടെ പുതിയ ആളാണെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നടന്‍ സിദ്ദിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ആണ്.
ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന. അതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ അഭിഭാഷകന്‍ വഴി സിദ്ദിഖ് സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വിവരങ്ങളും പുറത്തേുവന്നിരുന്നു.
സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്ന് നിരീക്ഷിച്ച കോടതി, സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുവെന്നും വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശബ്ദതയില്‍ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. സിദ്ദിഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. സിദ്ദിഖിന്റെ വൈദ്യപരിശോധന നടത്തേണ്ടതുണ്ടെന്നും സിദ്ദിഖ് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. പരാതിക്കാരിക്കെതിരായ സിദ്ദിഖിന്റെ വാദങ്ങളും കോടതി തള്ളി.
2016 ല്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് യുവ നടി മൊഴി നല്‍കിയിരുന്നു. മൊഴിയില്‍ പറഞ്ഞ ദിവസത്തെ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ഹോട്ടലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മ്യൂസിയം പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. നിള തിയേറ്ററില്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂവിനെത്തിയപ്പോഴാണ് പരിചയപ്പെട്ടതെന്നും സിനിമാ ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും യുവ നടി മൊഴി നല്‍കിയിരുന്നു. ആരോപണത്തിന് പിന്നാലെ സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചിരുന്നു.