ഹാത്രസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പന്റെ നിലവിലെ ഗുരുതരമായ അവസ്ഥയെ സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോവിഡ് ബാധിച്ച കാപ്പനെ യുപിയിലെ ആശുപത്രിയില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ച് കഴിഞ്ഞ ദിവസം ഭാര്യ രംഗത്തു വന്നതോടെയാണ് സംഭവത്തിന്റെ ഗൗരവതരമായ യാഥാര്‍ഥ്യം പുറം ലോകമറിഞ്ഞത്.
സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിര്‍ത്ത് ഇപ്പോള്‍ കേന്ദ്രവും രംഗത്തെത്തിയിരിക്കുകയാണ്. കാപ്പനെ എയിംസിലേക്ക് മാറ്റേണ്ടതില്ല എന്നതാണ് കേന്ദ്ര നിലപാട്. ഇക്കാര്യം നാളെ പരിഗണിക്കാന്‍ കോടതി മാറ്റി. സിദ്ദീഖ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
20ാം തീയതി കോവിഡ് സ്ഥിരീകരിച്ച കാപ്പനെ മധുരയിലെ കൃഷ്ണ മോഹന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാപ്പനെ ആശുപത്രിയില്‍ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചു. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഈ ആരോപണം നിഷേധിച്ചു. തുടര്‍ന്നാണ് കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
ചികിത്സയ്ക്കായി ഡല്‍ഹിയിലെ എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ സിദ്ദിഖ് കാപ്പനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും കാപ്പന്റെ ഭാര്യ റൈഹാനത്തുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അപേക്ഷയില്‍ ഇന്ന് തന്നെ വിശദമായ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തയ്യാറായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വാദത്തില്‍ ഉണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ആണ് അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.