മലപ്പുറം: കോവിഡ് ബാധിച്ച സിദ്ദീഖ് കാപ്പനെ യു.പിയിലെ ആശുപത്രിയില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെടണണെന്നും ഭാര്യ റൈഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണ്. മൂന്ന് ദിവസത്തിലധികമായി കട്ടിലില്‍ ഒരു മൃഗത്തെ പോലെ ബന്ധിപ്പിച്ചിരിക്കുകയാണ്. മുത്രമൊഴിക്കുന്നത് ബോട്ടിലിലാണ്. ശൗചാലയത്തില്‍പോലും പോവാന്‍ അനുവദിക്കാതെയാണ് കെട്ടിയിട്ടിരിക്കുന്നത്. നാലു ദിവസത്തോളമായി അദ്ദേഹത്തിന് ഭക്ഷണംപോലും കഴിക്കാനാവുന്നില്ല. ജയിലില്‍ കുഴഞ്ഞ് വീണിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതിനു ശേഷം എന്താണ് നടക്കുന്നതെന്ന വിവരം കിട്ടിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഏതോ ഒരു ഫോണില്‍ നിന്ന് വിളിച്ചപ്പോഴാണ് അവിടത്തെ ദയനീയ സ്ഥിതി ബോധ്യപ്പെട്ടത്. ആശുപത്രിയേക്കാള്‍ ഭേദം ജയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ചു കാര്യങ്ങള്‍ മാത്രം പറഞ്ഞ് അദ്ദേഹത്തിന്റെ ഫോണ്‍ കട്ടാവുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇടപെടല്‍ ഉണ്ടായിട്ടില്ല. മാധ്യമ പ്രവര്‍ത്തകനെന്ന പരിഗണനയോ മലയാളി എന്ന പരിഗണനയോ ലഭിച്ചില്ല. നിയമപരമായി ഇടപെടാന്‍ ബുദ്ധിമുട്ടാണേല്‍ ഒരു ലെറ്റര്‍ അയക്കാന്‍ പോലും മുഖ്യമന്ത്രി കൂട്ടാക്കുന്നില്ല. വോട്ട് കിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുയാണ്. ഇനിയെങ്കിലും മുഖ്യമന്ത്രിക്കൊന്നു പ്രതികരിച്ചു കൂടെ. ജീവന്‍ പോയി കഴിഞ്ഞതിനു ശേഷം എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ജീവനോടെ അയാളെ വിട്ടുകിട്ടുകയെന്നത് മറ്റാരുടെയും വിഷയമല്ലെങ്കിലും അത് ഞങ്ങളുടെ വിഷയമാണ്. ഈയൊരു ദുരവസ്ഥയില്‍ അദ്ദേഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാനെങ്കിലും മുഖ്യമന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും ഭാര്യ റൈഹാന പറഞ്ഞു.