കോഴിക്കോട്: യുപി പൊലീസ് യുഎപിഎ വകുപ്പുകള്‍ ചുമത്തി അറസ്റ്റു ചെയ്ത് അറസ്റ്റ് ചെയ്ത സദ്ദീഖ് കാപ്പന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത്. കാപ്പന്റെ മോചനം ആവശ്യപ്പെട്ട് കുടുംബം ജനുവരിയില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും.
സിദ്ദീഖ് കോടികളുടെ ഇടപാട് നടത്തിയെന്നാണ് യുപി പൊലീസ് പറയുന്നത്. സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടോ എന്ന് ആദ്യം പരിശോധിക്കട്ടെ. യുപി പൊലീസ് പറയുന്നത് മുഴുവന്‍ കള്ളമാണെന്നും ഭാര്യ റെയ്ഹാനത്ത് പറഞ്ഞു.
മറ്റൊരു സംസ്ഥാനത്ത് നടന്ന സംഭവമായതിനാല്‍ ഇടപെടാനാവില്ലെന്നാണ് കേരള പൊലീസിന്റെ വിശദീകരണം. സിദ്ദീഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് അല്ല. ഒരു രാഷ്ടീയ പാര്‍ട്ടിയുമായും പ്രത്യേകിച്ച് മമതയില്ല. സിദ്ദീഖ് കാപ്പന്‍ മാധ്യമപ്രവര്‍ത്തകന്‍ മാത്രമാണ്. സുപ്രീം കോടതിയിലാണ് ഇനി പ്രതീക്ഷ. മൂന്ന് മക്കളും പ്രായമായ അമ്മയുമാണ് ഉള്ളത്. യു.പി. പൊലീസ് ഓരോ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, എല്ലാം കളവാണ്.
സിദ്ദീഖ് കാപ്പനെ കാണാനോ വീഡിയോ കോള്‍ ചെയ്യാനോ അനുവദിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഫോണ്‍ ചെയ്യാന്‍ അനുമതിയുണ്ട്. പക്ഷെ നേരിട്ട് കാണാന്‍ കഴിയുന്നില്ലെന്നും റെയ്ഹാനത്ത് പറഞ്ഞു.