ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ഡല്‍ഹി എയിംസിലോ റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലോ ചികിത്സ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു.
സിദ്ധീഖ് കാപ്പനെ യുപിയില്‍ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഡല്‍ഹിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.
കാപ്പന് അനുകൂലമായ വിധി സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാവാതിരിക്കാന്‍ കടുത്ത പ്രതിരോധമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും നടത്തിയത്. കാപ്പന്‍ കോവിഡ് മുക്തനായെന്ന് കാണിച്ച് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതേ റിപ്പോര്‍ട്ടില്‍ തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ മുറിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കാപ്പന്റെ ആരോഗ്യനിലയില്‍ കോടതിയുടെ ശ്രദ്ധ പതിയാന്‍ ഈ റിപ്പോര്‍ട്ട് കാരണമായി. കാപ്പനെ യുപിക്ക് പുറത്തേക്ക് മാറ്റുന്നതിനെ ശക്തമായി എതിര്‍ത്ത സോളിസിറ്റര്‍ ജനറലിന്റെ വാദത്തെ ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചതും യുപി സര്‍ക്കാരിന്റെ ഈ റിപ്പോര്‍ട്ട് വച്ചാണ്.