സിദ്ധാർത്ഥൻ്റെ ദുരൂഹ മരണത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിക്കാനുള്ള വി സിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വി സി യുടെ നടപടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തെ അട്ടിമറിക്കുന്ന നടപടിയാണ് വി സിയുടേതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തെളിവ് നശിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്നും വി ഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും ആദ്യം മുതൽ സിപിഐഎം ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. അതിന്റെ തുടർച്ചയാണ് നിലവിലെ നടപടി. വി സിയുടെ നീക്കത്തിനു പിന്നിൽ വലിയ ഇടപെടലുകൾ ഉണ്ട്. അന്തിമ ഉത്തരം മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിക്കുമെന്നും വി ഡി സതീശൻ വെല്ലുവിളിച്ചു.