X

സിദ്ധാര്‍ത്ഥന്റെ മരണം: ഒരു പ്രതി കൂടി പിടിയില്‍, ആസിഫ് ഖാനെ പിടികൂടിയത് കൊല്ലത്തു നിന്നെന്ന് പൊലീസ്

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഒരു പ്രതി കൂടി പിടിയിൽ. കോളേജിൽനിന്ന് ആദ്യ ഘട്ടത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ആസിഫ് ഖാനെ കൊല്ലത്തുനിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസിൽ പൊലീസ് പിടിയിലായ പ്രതികളുടെ എണ്ണം പത്തായി. ആകെ 18 പ്രതികളുള്ള കേസിൽ ബാക്കി എട്ടുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം അമൽ ഇഹ്‌സാൻ, അരുൺ കെ എന്നീ പ്രതികൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫിസിൽ എത്തി കീഴടങ്ങിയിരുന്നു. മൂന്നാമതൊരാൾ കൂടി കസ്റ്റഡിയിലുണ്ടെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെയാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്. വ്യാഴാഴ്ച കീഴടങ്ങിയവരിൽ അരുൺ എസ്എഫ്ഐയുടെ കോളേജ് യൂണിറ്റ് പ്രസിഡന്റാണ്‌. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ എസ്എഫ്ഐ വൈത്തിരി ഏരിയാകമ്മിറ്റി മുൻ അംഗമാണ്.

ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക, റാഗിങ്, തടഞ്ഞുവയ്ക്കുക, ആക്രമിക്കുക ഉൾപ്പെടെയുള്ള നിരവധിയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. മന്ത്രി ജി ആര്‍ അനിലും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇന്ന് സിദ്ധാര്‍ത്ഥിന്‌റെ വീട് സന്ദര്‍ശിച്ചിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സിദ്ധാര്‍ത്ഥിന്‌റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരി 18-നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ത്ഥനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളേജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് കോളേജ് അധികൃതര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കോളേജിലെ 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതു കൂടാതെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത 6 പേരെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

webdesk13: