X

സിദ്ധാർത്ഥന്റെ മരണം: പ്രധാന പ്രതി പിടിയിൽ

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രധാന പ്രതി സിന്‍ജോ ജോണ്‍സണ്‍ അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളിയില്‍ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് സിന്‍ജോയെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിന്‍ജോ. സിദ്ധാര്‍ഥനെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

സംഭവത്തില്‍ സിന്‍ജോ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ അന്വേഷണസംഘം നേരത്തെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. സിന്‍ജോയ്ക്കു പുറമെ സൗദ് റിസാല്‍, കാശിനാഥന്‍, അജയ്കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയത്. സംഭവത്തില്‍ ഏഴുപേര്‍ ഒളിവില്‍ തുടരുകയാണ്.

സംഭവത്തില്‍ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ പത്തുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഒരാള്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. കേസില്‍ ഉള്‍പ്പെട്ട 31 വിദ്യാര്‍ഥികള്‍ക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ കോളജ് ഹോസ്റ്റലില്‍നിന്ന് ഉള്‍പ്പെടെ പുറത്താക്കാനും ആന്റി റാഗിങ് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ, സിദ്ധാര്‍ഥനെതിരെ പെണ്‍കുട്ടി നല്‍കിയെന്നു പറയുന്ന പരാതിയില്‍ ദുരൂഹത ഉയരുന്നുണ്ട്. പെണ്‍കുട്ടിയുടെ പേരില്‍ കോളജില്‍ പരാതി എത്തിയത് സിദ്ധാര്‍ഥന്‍ മരിച്ച ദിവസമാണ്. പരാതി ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് നല്‍കിയത് ഈ മാസം 20നുമായിരുന്നു.

ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സിദ്ധാര്‍ഥിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിനുശേഷം 20നും 26നും ഇന്റേണല്‍ കമ്മിറ്റി ചേര്‍ന്നിരുന്നു. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു പരാതി നല്‍കിയതാണെന്ന് ആരോപണം ഉയരുന്നുണ്ട്. മോശമായി പെരുമാറിയെന്നാണു പരാതിയുള്ളത്.

webdesk13: