X

സിദ്ധാർത്ഥിന്‍റെ മരണം: ‘കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം കാണാത്ത സമരപരിപാടികളുണ്ടാകും’: വി.ഡി സതീശൻ

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റനറി കോളജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാർത്ഥിന്റെ മരണത്തിൽ എസ്.എഫ്.ഐ നേതാക്കർളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് പൊലീസ്. കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ നൂറുകണക്കിന് കുട്ടികളുടെ മുന്നില്‍ വിവസ്ത്രനാക്കി ബെല്‍റ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാര്‍ത്ഥിനെ തല്ലിക്കൊന്നതെന്നും അദ്ദേഹം ആരോപിച്ചു.

ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ സി.പി.എം നേതാക്കള്‍ വളര്‍ത്തിയെടുക്കുന്ന എസ്.എഫ്.ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ടി.പിയുടെ തലച്ചോറ് തെങ്ങിന്‍ പൂക്കുല പോലെ ചിതറിക്കുമെന്ന് സി.പി.എം പറഞ്ഞപ്പോള്‍ ചാലക്കുടിയിലെ എസ്.ഐയെ പേപ്പട്ടിയെ പോലെ വഴിയിലിട്ട് തല്ലുമെന്നാണ് എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞത്. കാമ്പസുകളിലെ ക്രിമിനല്‍ സംഘമായി എസ്.എഫ്.ഐ മാറി. സിദ്ധാര്‍ത്ഥിന് സംഭവിച്ചത് തങ്ങളുടെ മക്കള്‍ക്കും പറ്റുമോയെന്ന ഭീതിയിലാണ് കേരളത്തിലെ രക്ഷിതാക്കള്‍. എന്നിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായാണ് പൊലീസ് പ്രതികരിക്കുന്നത്. ഇവിടെ ആര്‍ക്കാണ് നീതി കിട്ടുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ കേരളം കാണാത്ത സമരപരിപാടികളുണ്ടാകുമെന്നും അദ്ദേഹം പറ‌‌ഞ്ഞു.

ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഡീന്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇത് മറച്ചുവച്ചു. ഇത്തരം അധ്യാപകര്‍ ഒരു കാരണവശാലും അവിടെ പഠിപ്പിക്കാന്‍ പാടില്ല. അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണം. നടപടി എടുത്തില്ലെങ്കില്‍ ഈ അധ്യാപകരെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

webdesk14: