തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണ നടത്തി എസ്.എഫ്.ഐക്കാര്‍ കൊലപ്പെടുത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ രക്ഷിതാക്കളെ നേരിട്ടെത്തി ആശ്വസിപ്പിക്കാനോ ഈ ക്രൂരകൃത്യത്തിനെതിരെ പ്രതികരിക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടിയിലൂടെ അദ്ദേഹം കൊലയാളികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് കേരളീയ സമൂഹത്തിന് നല്‍കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍.
എസ്.എഫ്.ഐക്കാര്‍ നടത്തിയ ക്രൂരമായ കൊലപാതകത്തെ തള്ളിപ്പറയാതെ പിണറായി വിജയന്‍ കുറ്റകരമായ നിശബ്ദത തുടരുകയാണ്. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നതിന് പകരം വിദ്യാഭ്യാസ മന്ത്രിയെ പ്രതിനിധിയായി അയച്ചത് ശരിയായില്ല. സിദ്ധാര്‍ത്ഥിന്റെ കൊലപാതികളോടുള്ള മുഖ്യമന്ത്രിയുടെ കൂറാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വെറ്റിറിനറി സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ കൊലപാതകത്തിന് കൂട്ടുനിന്നവരാണ് ക്യാമ്പസിലെ ഡീനും കായിക അധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും. അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതികള്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുന്നത് പ്രാദേശിക സി.പി.എം നേതാക്കളാണ്.
പ്രതികളോടുള്ള പൊലീസിന്റെ സമീപനവും സൗഹൃദപരമാണ്. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കേണ്ടതിനു പകരം ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കുക മാത്രമാണ് ചെയ്തത്.
സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ഉത്തരവാദികള്‍ എസ്.എഫ്.ഐ ആണെന്നും ക്രൂരമായി മര്‍ദ്ദിച്ച ശേഷം കെട്ടി തൂക്കിയതാണെന്നും സിദ്ധാര്‍ത്ഥിന്റെ പിതാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്.