പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐയ്ക്കു കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണം. ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കും. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദിയെന്നും കോടതി ആരാഞ്ഞു.
പതിനെട്ട് ദിവസം വൈകിയാണു സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ലറിക്കല്‍ ജോലികള്‍ മാത്രമായിരുന്നില്ലേ ഇതെന്നും വൈകിയതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചു സിദ്ധാര്‍ഥന്റെ പിതാവ് ടി.ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ദേശം. ഹര്‍ജി 9ന് വീണ്ടും പരിഗണിക്കും.
അന്വേഷണം വേഗത്തില്‍ ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്തുകൊണ്ടാണ് രേഖകള്‍ കൈമാറാന്‍ വൈകിയത്? ആരാണ് ഉത്തരവാദി? ഔദ്യോഗികമായി രേഖകള്‍ കൈമാറുന്നതിന് എന്തിനാണ് താമസം വന്നത് എന്നും കോടതി ആരാഞ്ഞു.
മാര്‍ച്ച് 26ന് സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറിയെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. എന്നാല്‍ സിബിഐ അന്വേഷണം നടത്താന്‍ തീരുമാനിച്ചതിനുശേഷം 18 ദിവസത്തെ താമസമാണ് ഇതിനു വന്നതെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.