കണ്ണൂര്‍: സന്തോഷ് ട്രോഫിക്ക് ബുധനാഴ്ച ഗോവയില്‍ ആരവമുയരുമ്പോള്‍ കേരളത്തിന്റെ ഗോള്‍മുഖത്തുണ്ടാകും ചെറുകുന്നുകാരന്‍ സിദ്ധാര്‍ഥ് രാജീവന്‍ നായര്‍. സന്തോഷ് ട്രോഫി കേരള ടീം ക്യാപ്‌റ്റനും ഗോൾകീപ്പറുമായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി മിഥുൻ മുരളീധരന് ശേഷമാണ് മറ്റൊരു കണ്ണൂരുകാരന്‍ കേരളത്തിന്റെ ഗോള്‍കീപ്പറായെത്തുന്നത്.
ഗോവയില്‍ നാളെ ഗുജറാത്തുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. നിലവിൽ കേരള യുണൈറ്റഡ് എഫ്.സിയുടെ താരമാണ് സിദ്ധാര്‍ഥ്. മുൻ ദേശീയതാരം കെ.ടി രഞ്ജിത്തിന്റെ ഇരിണാവിലെ ഫുട്‌ബോൾ അക്കാദമിയിലാണ് അഞ്ച് വർഷമായി സിദ്ധാർഥിന്റെ പരിശീലനം. ആദ്യമായി മത്സരിക്കാൻ ഇറങ്ങിയത് കാനന്നൂർ സ്പോർട്‌സ് അക്കാദമിക്ക് വേണ്ടിയാണ്. കോഴിക്കോട് ഫാറൂഖ് കോളജ്, ചർച്ചിൽ ബ്രദേഴ്‌സ് ഗോവ, എച്ച്.എ.എൽ ബെംളുരു എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.