X

‘ഞങ്ങളുടെ ഹിന്ദുത്വം ഗോഡ്‌സേയുടേതല്ല’ യോഗി ആദിത്യനാഥിന് മറുപടിയുമായി സിദ്ധരാമയ്യ

ബെംഗളൂരു: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘താന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്, പകരം നാഥുറാം ഗോഡ്‌സെയുടെതല്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഹിന്ദുവായിട്ടും സിദ്ധരാമയ്യ ബീഫ് കഴിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും യഥാര്‍ഥ ഹിന്ദു അത് ചെയ്യില്ലെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ശക്തമായ ഭാഷയില്‍ മറുപടിയുമായി സിദ്ധരാമയ്യ രംഗത്തെത്തിയത്.

ബീഫ് കഴിക്കുന്നവരെ എതിര്‍ക്കുന്നതിന് മുമ്പ് പശുക്കളെ കശാപ്പ് ചെയ്യുന്നതിനെ കുറിച്ച് സ്വാമി വിവേകാനന്ദന്‍ എന്താണ് പറഞ്ഞതെന്ന് വായിക്കാന്‍ ആദിത്യനാഥിനോട് സിദ്ധരാമയ്യ ആഹ്വാനം ചെയ്തു. ‘താന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്. പകരം നാഥുറാം ഗോഡ്‌സെയുടെതല്ല’ സിദ്ധരാമയ്യ കന്നഡയില്‍ ട്വിറ്ററില്‍ കുറിച്ചു.

‘മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാലാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപോലെ ഇപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ച് സിദ്ധരാമയ്യ സംസാരിക്കുന്നതന്നായിരുന്നു കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രസംഗിച്ചത്.

കര്‍ണാടകയില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റിയാല്‍ ടിപ്പു ജയന്തി ആഘോഷിക്കേണ്ടി വരില്ലെന്നും മറിച്ച് ഹനുമാന്‍ ജയന്തി ആഘോഷിക്കാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതോടെ മാത്രമേ വികസനം സാധ്യമാകൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ബി.ജെ.പി ഭരിക്കുന്ന യു.പിയിലേയും ഹിമാചലിലേയും വികസനം കര്‍ണാടകയിലും കൊണ്ടുവരുമെന്നും നരേന്ദ്രമോദി സര്‍ക്കാരിന് കീഴിലുള്ള എന്‍.ഡി.എ ഭരണം കര്‍ണാടകയില്‍ വരുന്നത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു യോഗിയുടെ വാക്കുകള്‍.
‘ഹിന്ദുത്വം എന്നത് ജീവിത രീതിയാണ്. അതൊരിക്കലും മതവുമായോ ജാതിയുമായോ പ്രാര്‍ഥനാരീതിയുമായോ ബന്ധപ്പെട്ടതല്ല. ഹിന്ദുത്വം ഒരിക്കലും ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ല.എനിക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത് അദ്ദേഹം ഒരു ഹിന്ദുവും ഹിന്ദുത്വത്തെ പിന്താങ്ങുകയും ചെയ്യുന്ന ഒരാളാണെങ്കില്‍ ബീഫ് കഴിക്കുന്നതിനെ എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുന്നതെന്നും യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ധരാമയ്യ രംഗത്ത് വന്നിരിക്കുന്നത്.

chandrika: