ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രചാരണത്തിനായി സംസ്ഥാനത്തുണ്ടായിരുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പരിഹാസത്തെ തുടര്‍ന്ന് യു.പിയിലേക്ക് തിരിച്ചുപോയി. യോഗി ഭരിക്കുന്ന യു.പിയില്‍ ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് 73 പേര്‍ മരിച്ചിട്ടും മുഖ്യമന്ത്രി കര്‍ണാടകയില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം തുടരുന്നതിന്റെ പ്രസക്തി സിദ്ധരാമയ്യ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യോഗി അടിയന്തിരമായി യു.പിയിലേക്ക് മടങ്ങിയത്.
64 ഓളം പേര്‍ ഉത്തര്‍പ്രദേശില്‍ പൊടിക്കാറ്റില്‍ മരിച്ചിരിക്കുന്നു. മരണപ്പെട്ടവര്‍ക്കും കുടുംബത്തിനും എന്റെ അനുശോചനങ്ങള്‍. പക്ഷേ നിങ്ങളുടെ മുഖ്യമന്ത്രി കര്‍ണാടകയില്‍ തിരക്കിലാണ്. അദ്ദേഹം അവിടെ ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാണ് സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്. അതേസമയം ഇനിയും സംസ്ഥാനത്ത് യോഗി തുടര്‍ന്നാല്‍ യോഗിയുടെ നിലപാട് ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കുമെന്ന ബി.ജെ.പി ക്യാമ്പിന്റെ തിരിച്ചറിവാണ് യോഗി മടങ്ങാന്‍ പ്രേരിപ്പിച്ചത്.
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമായി കഴിഞ്ഞ ദിവസം ആഞ്ഞടിച്ച പൊടിക്കാറ്റില്‍ 124 പേരാണ് മരിച്ചത്. 64 ഓളം പേരാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 35 മരണങ്ങളാണ് കിഴക്കന്‍ രാജസ്ഥാനിലെ വിവിധ ജില്ലകളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ന് രാത്രിയോടെ ആഗ്രയിലെത്തുന്ന യോഗി നാളെ രാവിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അധികൃതര്‍.