X

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ്: തുറുപ്പ് ചീട്ട് ഇറക്കി സിദ്ധരാമയ്യ ബി.ജെ.പിയെ ഞെട്ടിക്കുന്നു..

 

ബംഗളൂരു: വൈകാരിക വിഷയങ്ങള്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനമുണ്ടാക്കാറില്ല. എന്നാല്‍ ഇത്തവണ കന്നഡ അഭിമാനം (കന്നഡ സ്വാഭിമാന) എന്നതായിരിക്കും മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകം എന്നു ഉറപ്പാണ്. കന്നഡക്കു പ്രാമുഖ്യം എന്നത് പുതിയ വിഷയമല്ലെങ്കിലും ഇത്തവണ ഈ നീക്കത്തിന് പിന്നില്‍ ഏതെങ്കിലും ഗ്രൂപ്പുകളല്ല ചിന്തിക്കുന്ന യുവ ജനതയാണെന്നതാണ് പ്രധാന മാറ്റം. ഇവരില്‍ ഏറിയ പങ്കും സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകളാണ്. തുടക്കത്തില്‍ അധികമാരും ശ്രദ്ധ കൊടുത്തില്ലെങ്കിലും പതിയെ ഇത് മുഖ്യധാരയിലെത്തിക്കഴിഞ്ഞു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ വിവരങ്ങള്‍ കന്നഡയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയതും റെയില്‍വേ സ്റ്റേഷനുകളില്‍ കന്നഡ ബോര്‍ഡുകള്‍ വന്നതും, ടിക്കറ്റുകളില്‍ കന്നഡ ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയതുമെല്ലാം ഇതിന്റെ ഭാഗം തന്നെ.

ബെംഗളൂരുവിലേക്കുള്ള ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്താന്‍സ, ഡ്രാഗന്‍ എയര്‍ തുടങ്ങിയ വിമാനങ്ങള്‍ കന്നഡയില്‍ അനൗണ്‍സ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. കന്നഡയിലുള്ള ലിസ്റ്റ് നാള്‍ക്കു നാള്‍ വര്‍ധിക്കുകയാണ്. കന്നഡ വല്‍ക്കരണത്തിന്റെ ആദ്യ ഇര നിലവിലെ ഉപരാഷ്ട്രപതിയായിരുന്ന വെങ്കയ്യ നായിഡുവായിരുന്നു. രാജ്യസഭയില്‍ കര്‍ണാടകയില്‍ നിന്നും മൂന്നാം തവണ ജനവിധി തേടാനിരുന്ന വെങ്കയ്യക്ക് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് കന്നഡ ട്വിറ്ററാറ്റികള്‍ ആരംഭിച്ച ഹാഷ് ടാഗ് വിനയാവുകയായിരുന്നു. പിന്നീട് ബി.ജെ.പി അദ്ദേഹത്തെ രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. കന്നഡ വാദത്തിന്റെ അവസരം ആദ്യം തിരിച്ചറിഞ്ഞ് ഗോദയിലേക്ക് എടുത്ത് ചാടിയത് ഭരണ കക്ഷിയായ കോണ്‍ഗ്രസും സിദ്ധരാമയ്യയും തന്നെയായിരുന്നു. മെട്രോ സ്‌റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ക്കെതിരെ കന്നഡ വാദികള്‍ രംഗത്തു വന്നതോടെ സര്‍ക്കാര്‍ ഇവ എടുത്തുമാറ്റാന്‍ മുന്നില്‍ നിന്നു.

സ്വകാര്യ ഐ.ടി, ബി.ടി കമ്പനികളില്‍ കന്നഡികര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി സിദ്ധരാമയ്യ സര്‍ക്കാര്‍ ഒരു പടികൂടി കടന്നു പ്രവര്‍ത്തിക്കുകയും ചെയ്തു. കര്‍ണാടകയില്‍ നിന്നും ഇഷ്യൂ ചെയ്യുന്ന പാസ്‌പോര്‍ട്ടുകളില്‍ കന്നഡ വേണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അമിത് ഷായും കേന്ദ്ര മന്ത്രിമാരും നടത്തുന്ന പ്രചാര വേലകളെ കന്നഡ സ്വാഭിമാന്‍ എന്ന തുരുപ്പ് ചീട്ടിലൂടെ മറികടക്കാന്‍ സിദ്ധരാമയ്യക്കു ഫലപ്രദമായി കഴിയുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കര്‍ണാടകയിലെ ക്രമസമാധാന നിലയെ കുറ്റപ്പെടുത്തി രംഗത്തു വന്നപ്പോള്‍ കന്നഡിഗ സ്വാഭിമാന്‍ എന്ന മണ്ണിന്റെ മക്കള്‍ സിദ്ധാന്തം ഉപയോഗപ്പെടുത്തി യോഗിയെ നേരിടാന്‍ സിദ്ധുവിന് സാധിച്ചത് ഇതിന് ഉദാഹരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കന്നഡക്കു വേണ്ടി പൂര്‍ണമായും നില കൊള്ളാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബി.ജെ.പിയുടെ ഒറ്റ രാജ്യ സിദ്ധാന്തം ഈ ഘട്ടത്തില്‍ പിന്നാക്കം പോകുമെന്ന് ഉറപ്പാണ്. ഹിന്ദി അടിച്ചേല്‍പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന ആരോപണം ബി.ജെ.പിയെ വലിയ രൂപത്തില്‍ പിന്നോട്ടു വലിക്കുന്നുണ്ട്, ഇത്രയും നാള്‍ കന്നഡ സ്വാഭിമാന്റെ നേട്ടം കൊയ്തിരുന്ന ജെ.ഡി.എസ് സിദ്ധരാമയ്യയുടെ ചാട്ടുളി പ്രയോഗം കാരണം ബി.ജെ.പിക്കു പിന്നിലേക്കു ചൂളിയിരിക്കയാണ്. കന്നഡ സ്വാഭിമാന്‍ കാര്‍ഡ് എത്രത്തോളം സിദ്ധരാമയ്യയെ തുണക്കുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും സാധിക്കാത്തതിന് കാരണം ഇതാദ്യമായാണ് വൈകാരിക വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കര്‍ണാടകയില്‍ സജീവമാകുന്നതെന്നത് തന്നെയാണ് കാരണം. സിദ്ധരാമയ്യയും കന്നഡ വാദവുമായി എത്തിയ യുവ കൂട്ടായ്മയും ഗ്രാമീണ മേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇത് വോട്ടാകുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെയാണ്.

chandrika: