X
    Categories: CultureMoreViews

കര്‍ണാടകയില്‍ ബി.ജെ.പിയുടെ നെഞ്ചുപിളര്‍ത്തി സിദ്ധരാമയ്യ

ബെംഗളൂരു: 2016 ഏപ്രിലില്‍ ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ ഡല്‍ഹിയില്‍ ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അപ്പോള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറിച്ച് അദ്ദേഹത്തോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അതിന് യെദിയൂരപ്പ പറഞ്ഞ മറുപടി 2018ലെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി തുടരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു. സിദ്ധരാമയ്യ ജനപ്രിയ നേതാവല്ല. അദ്ദേഹം 2018ലെ തെരഞ്ഞെടുപ്പ് വരെ തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് വിജയിക്കാന്‍ വലിയ പ്രചരണം വേണ്ടിവരില്ല എന്നൊക്കെയായിരുന്ന യെദിയൂരപ്പ അന്ന് നല്‍കിയിരുന്ന വിശദീകരണം.

യെദിയൂരപ്പയുടെ കണക്ക് കൂട്ടല്‍ പൂര്‍ണമായും തെറ്റിയെന്ന് മാത്രമല്ല സിദ്ധരാമയ്യക്കെതിരെ വലിയ ജനമുറ്റേങ്ങള്‍ സൃഷ്ടിക്കാതിരുന്നതില്‍ യെദിയൂരപ്പ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാവും. കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കാര്യങ്ങള്‍ അത്രമേല്‍ മാറിമറിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ ജനങ്ങള്‍ സിദ്ധരാമയ്യക്കൊപ്പമാണ്. യെദിയൂരപ്പയും ബി.ജെ.പിയും ചിത്രത്തിലില്ല. ഒരുകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പോലും സിദ്ധരാമയ്യയുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പോലും വിശ്വാസമര്‍പ്പിക്കുന്നത് സിദ്ധരാമയ്യയുടെ നേതൃമികവിലാണ്.

പലപ്പോഴും ബി.ജെ.പി അജണ്ട നിര്‍ണയിക്കുകയും മറ്റുള്ളവര്‍ അതിനോട് പ്രതികരിക്കുകയുമാണ് ചെയ്യാറുള്ളതെങ്കില്‍ കര്‍ണാടകയില്‍ നേരെ തിരിച്ചാണ്. സിദ്ധരാമയ്യ നിര്‍ണയിക്കുന്ന അജണ്ടകളെ പ്രതിരോധിക്കാന്‍ ബി.ജെ.പി നേതൃത്വം നട്ടം തിരിയുകയാണ്. ലിംഗായത് സമുദായത്തിന് മതപദവി നല്‍കിയത് സിദ്ധരാമയ്യയിലെ രാഷ്ട്രീയ തന്ത്രജ്ഞന്റെ മികവിന് ഉത്തമ ഉദാഹരണമാണ്. മതപദവി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ വെട്ടിലായത് ബി.ജെ.പിയും കേന്ദ്രസര്‍ക്കാറുമാണ്. ഔദ്യോഗിക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിദ്ധരാമയ്യ തന്നെയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ് ബി.ജെ.പി. എന്നാല്‍ അവര്‍ക്ക് മുന്നില്‍ ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ക്കും കര്‍ണാടകക്കും ഇടയില്‍ ഒരു വന്‍മതിലായി സിദ്ധരാമയ്യയെന്ന മുഖ്യമന്ത്രി നില്‍ക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു അടയാളപ്പെടുത്തലായിരിക്കും.

ചന്ദ്രിക വെബ് ഡെസ്‌ക്‌: