ബംഗളൂരു: കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ വികാരാധീനനായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. സംസ്ഥാനത്ത് സദ്ഭരണം കാഴ്ചവെച്ചിട്ടും ഭരണം നിലനിര്‍ത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനാവാത്തതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുക്കുന്നതായും സിദ്ധരാമയ്യ പറഞ്ഞു.
നിര്‍ണായക നിയമസഭാകക്ഷി യോഗത്തില്‍ സിദ്ധരായ്യക്കെതിരെ വിമര്‍ശനവുമായി ചിലര്‍ രംഗത്തുവന്നു. മുന്‍ സ്പീക്കര്‍ കെ.ബി കോളിവാദ് യോഗത്തില്‍ സിദ്ധരാമയ്യയെ രൂക്ഷമായി വിമര്‍ശിച്ചു.
അതിനിടെ കോണ്‍ഗ്രസ് ക്യാമ്പിലെ തന്ത്രജ്ഞനായ അഹമ്മദ് പട്ടേല്‍ ബംഗളൂരുവില്‍ അല്‍പസമയത്തിനകം എത്തിച്ചേരും. ഭൂരിപക്ഷം എം.എല്‍.എമാരും തങ്ങള്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞു. ബെല്ലാരിയിലെ എം.എല്‍.എമാരുമായും സംസാരിച്ചിട്ടുണ്ട്. അവര്‍ കര്‍ണാടക കോണ്‍ഗ്രസ് ഓഫീസിലേക്ക് ഉടനെത്തും. എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിലെയും ജെ.ഡി.എസിലെയും എം.എല്‍.എമാരെ സ്വാധീനിക്കുന്നതിന് ബി.ജെ.പി വാഗ്ദാനപെരുമഴ തന്നെ നടത്തിയിട്ടുണ്ട്. നൂറു കോടിയും മന്ത്രിസ്ഥാനവുമാണ് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഇതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയുടെ ആറു എം.എല്‍.എമാരുമായും ചര്‍ച്ച നടത്തിയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്ക് തിരിച്ചടി നല്‍കിയത്.
അതേസമയം, എം.എല്‍.എമാര്‍ക്ക് നൂറു കോടി വീതം വാഗ്ദാനം ചെയ്ത ബി.ജെ.പിക്ക് ഇത്രയും പണം എവിടെ നിന്നു ലഭിച്ചുവെന്ന് കണ്ടെത്തണമെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ എവിടെ പോയെന്നും കുമാരസ്വാമി ചോദിച്ചു.