X

മോദിയുടെ പിപിപി പാര്‍ട്ടി പരാമര്‍ശം; ശക്തമായി തിരിച്ചടച്ച് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ്, പിപിപി (പഞ്ചാബ് പുതുച്ചേരി പരിവാര്‍) കോണ്‍ഗ്രസാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് സിദ്ധരാമയ്യയുടെ പ്രതികരണം.

കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയായിരിക്കും പിപിപിയാകുകയെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. പിപിപി പാര്‍ട്ടിയെന്നത് ബിജെപിയാണ്. അതായത് പ്രിസണ്‍, പ്രൈസ് റൈസ്, പക്കോഡ പാര്‍ട്ടിയായിരിക്കും ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ഖനി അഴിമതി കേസില്‍ പ്രതിയാക്കപ്പെട്ടവരെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിക്ക് അഴിമതിയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


 കോണ്‍ഗ്രസ് എപ്പോഴും ജനാധിപത്യത്തിന്റെ മൂന്നു ‘പി’കളെ മാനിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ‘ഓഫ് ദ പീപ്പിള്‍, ബൈ ദ പീപ്പിള്‍, ഫോര്‍ ദ പീപ്പിള്‍ എന്നിവയാണ് അവയെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഇന്നലെ കര്‍ണാടകയിലെ ഗദകില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി കോണ്‍ഗ്രസിനെ പിപിപി പാര്‍ട്ടിയെന്ന് അധിക്ഷേപിച്ചത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങുമെന്നായിരുന്നു മോദിയുടെ ‘കണ്ടെത്തല്‍’. ഇതിനെതിരെയാണ് സിദ്ധരാമയ്യ രംഗത്തുവന്നത്.

chandrika: