ബംഗളൂരു: ബി.ജെ.പിയേയും യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളെയും കടന്നാക്രമിച്ച് കര്‍ണാ ടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഉത്തരേന്ത്യന്‍ നേതാക്കളെ കര്‍ണാടകയിലെത്തിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ സിദ്ധരാമയ്യ പരിഹസിച്ചു. ബി.ജെ.പി ഇറക്കുമതിക്കായി കാത്തിരിക്കുകയാണെന്നും കര്‍ണാടകയില്‍ നേതാക്കളില്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ആളെ കൊണ്ടുവരേണ്ടി വരുന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പോലെയുള്ള ഉത്തരേന്ത്യന്‍ ഇറക്കുമതിക്കായി കാത്തിരിക്കുകയാണ് കര്‍ണാടകയിലെ ബി.ജെ.പിക്കാര്‍. സംസ്ഥാനത്ത് നേതാക്കളില്ലെന്ന് അവര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയെ തരംതാഴ്ത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. യെദ്യൂരപ്പ ഡമ്മിയാണെന്ന് ബി.ജെ.പി തന്നെ സമ്മതിച്ചു. പ്രധാനമന്ത്രി വരട്ടെ, പോകട്ടെ. ഇവിടെ പോരാട്ടം യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിലാണ്, ആര് ജയിക്കുമെന്ന് നിങ്ങള്‍ക്കറിയാം-അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കര്‍ണാടകയിലെ വിവിധയിടങ്ങളിലായി നടക്കുന്ന 35 റാലികളില്‍ യോഗി ആദിത്യനാഥ് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. മെയ് 3 മുതലാണ് യോഗി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി കര്‍ണാടകയില്‍ എത്തുക. എന്നാല്‍ ആദിത്യനാഥ് എത്തുന്നതിനു മുമ്പേ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകളെ തുറന്നുകാട്ടാനുള്ള ശ്രമത്തിലാണ് സിദ്ധരാമയ്യ.