ബെംഗളൂരു: കര്‍ണാടകയില്‍ തൂക്ക് നിയമസഭ വരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അടുത്ത രണ്ട് ദിവസത്തേക്കുള്ള വെറും വിനോദം മാത്രമാണ്. അതിനെ കുറിച്ച് ആശങ്കപ്പെടാതെ പോയി അവധി ദിവസം ആഘോഷിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. നീന്തലറിയാത്ത ആള്‍ പുഴ മുറിച്ചു കടക്കാന്‍ സ്റ്റാറ്റിസ്റ്റിഷ്യനെ ആശ്രയിക്കുന്നത് പോലെയാണ് എക്‌സിറ്റ് പോളുകളെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ശനിയാഴ്ച വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ പ്രവചിക്കുന്നില്ല. പ്രമുഖ എക്‌സിറ്റ് സര്‍വ്വേകള്‍ എല്ലാം കോണ്‍ഗ്രസിന് അനുകൂലമായി പ്രവചനം നടത്തിയപ്പോള്‍ ബി.ജെ.പി അനൂകുല നിലപാട് സ്വീകരിക്കുന്ന റിപബ്ലിക് ടി.വി പോലുള്ളവരുടെ സര്‍വേകളാണ് ബി.ജെ.പി ജയം നേടുമെന്ന് പ്രവച്ചിച്ചത്.
106 മുതല്‍ 118 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകളുടെ പ്രവചനം.ബി.ജെ.പിക്ക് 79 മുതല്‍ 92 വരെയും ജെ.ഡി.എസ് 22 മുതല്‍ 30 വരെ സീറ്റുകള്‍ നേടുമെന്നുമാണ് ഫലങ്ങള്‍. അതേ സമയം റിപ്പബ്ലിക്ക്, ന്യൂസ് എകസ് ചാനലുകള്‍ ബി.ജെ.പിക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.
കോണ്‍ഗ്രസ് സംസ്ഥാത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും ഒറ്റ ഭരിക്കാനുള്ള ഭൂരിപക്ഷം നേടില്ലെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു. എക്‌സിറ്റ്‌പോള്‍ പ്രവചനം പോലെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെങ്കില്‍ എച്ച്.ഡി കുമാരസ്വാമി നേതൃത്വം നല്‍കുന്ന ജെ.ഡി.എസിന്റെ തീരുമാനം പുതിയ മന്ത്രിസഭ രൂപികരണത്തിന് നിര്‍ണായകമാവും. മെയ് 15നാണ് വോട്ടെണ്ണല്‍.