ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവുള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍. മഥുരയിലെ ബാലാജിപുരത്ത് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹൈവേ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ചേതന്‍ ഭരദ്വാജാണ് മര്‍ദനത്തിനിരയായത്. സംഭവത്തില്‍ ബിജെപി നേതാവായ ദിനേശ് കുമാര്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അരവിന്ദ് കുമാര്‍ പറഞ്ഞു. ‘ഹൈവേ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാലാജിപുരം ജങ്ഷനില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ വാക്കേറ്റത്തിമുണ്ടായതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് എസ്.ഐ ചേതന്‍ ഭരദ്വാജിനെയും ഒരു കോണ്‍സ്റ്റബിളിനെയും സംഭവസ്ഥലത്തേക്ക് അയച്ചു’- എസിപി പറഞ്ഞു.
ബാലാജിപുരം വാര്‍ഡ് കൗണ്‍സിലറുടെ ഭര്‍ത്താവ് കൂടിയായ ദിനേശ് കുമാറിന്റെ മോട്ടോര്‍ സൈക്കിളില്‍ നീരജ് എന്നയാളുടെ കാര്‍ ഇടിക്കുകയായിരുന്നു. ഇത് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരണമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ വിവരമറിഞ്ഞ് എസ്‌ഐ ഭരദ്വാജും കോണ്‍സ്റ്റബിളും സ്ഥലത്തെത്തിയപ്പോള്‍ കുമാറും സഹായികളും ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി എസിപി വ്യക്തമാക്കി.
ഇവര്‍ ഉദ്യോഗസ്ഥന്റെ യൂണിഫോമിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും കീറുകയും ചെയ്തു. പിന്നാലെ എസിപി അരവിന്ദ് കുമാര്‍ സ്ഥലത്തെത്തുകയും ബിജെപി നേതാവിനെയും മൂന്ന് സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. എസ്‌ഐ ഭരദ്വാജിന്റെ വൈദ്യപരിശോധനയും നടത്തി. അന്വേഷണം പൂര്‍ത്തിയായ ശേഷം പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു.