ജനാധിപത്യ രാജ്യത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്. ഭരണകൂടത്തിനെതിരായ ജനങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാനും അവ സ്വരൂപിച്ച് ഭരണവര്‍ഗത്തെ ബോധ്യപ്പെടുത്താനുമുള്ള ഉപാധിയായി മാധ്യമങ്ങള്‍ മാറുന്നു. അങ്ങനെയാണ് ജനാധിപത്യത്തിന്റെ നാലാം തൂണെന്നും ഭരണവര്‍ഗത്തിന്റെ സ്വാഭാവിക വിമര്‍ശകരെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാകുന്നത്.
എന്നാലിപ്പോള്‍ ഇന്ത്യയില്‍ മിക്ക മാധ്യമങ്ങളും ഭരണകക്ഷിക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയതോടെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനമെന്നൊന്ന് ഇല്ലാതായിരിക്കുന്നു. മിക്ക മീഡിയകളും മോഡി മീഡിയയായി പരിണമിച്ചതോടെ ആളുകള്‍ക്ക് ഇന്ത്യന്‍ മീഡിയയില്‍ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു. ദേശീയ തലത്തില്‍ അവസാനം വരെ വിശ്വാസ്യത നിലനിര്‍ത്തിയ ചാനലും സംഘ്പരിവാര്‍ ഏറ്റെടുത്തതോടെ പൂര്‍ണമായും ഇന്ത്യന്‍ മാധ്യമരംഗം വലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ കൈകളിലായി. സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് ഇതിലൂടെ ഭരണകൂടം തന്ത്രപരമായി ഇല്ലാതാക്കിയത്.
ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം നടക്കുന്നതില്‍ ഇന്ത്യയുടെ സ്ഥാനം 2016 ല്‍ 131 ആയിരുന്നെങ്കില്‍ ഇപ്പോഴത് 150 ആയിട്ടുണ്ട്. 181 രാജ്യങ്ങളാണ് ഈ കണക്കെടുപ്പില്‍ ആകെയുള്ളത് എന്നോര്‍ക്കണം. അധികാര രാഷ്ട്രീയത്തിനു വേണ്ടിയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ നുണപറച്ചിലും മറച്ചുവെക്കലും സ്തുതിപാടലുമൊക്കെ ഒരുപരിധിവരെയെങ്കിലും തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത് സമൂഹമാധ്യമങ്ങളും വിദേശ മാധ്യമങ്ങളുമൊക്കെയാണ്. അത്തരത്തിലൊന്നായിരുന്നു ഗുജറാത്ത് കലാപം, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങള്‍ എന്നിവ വിഷയമാക്കി ബി.ബി.സി പുറത്തിറക്കിയ ഡോക്യുമെന്ററി.
ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ വജ്രായുധമായ ഇ.ഡി റെയ്ഡുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്. ശത്രുക്കള്‍ക്കെതിരെ എന്നല്ല തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആര്‍ക്കെതിരെയും എപ്പോള്‍ വേണമെങ്കിലും ഉപയോഗിച്ചുവരുന്ന ഒന്നായി ആദായ നികുതി റെയ്ഡ് മാറിയിട്ട് കാലം കുറേയായി. ബി.ബി.സിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ഇന്നലെ രാവിലെ 11:30 ഓടെയാണ് ആദായ നികുതി ഉദ്യോഗസ്ഥരെത്തിയത്.
ഓഫീസിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരടക്കമുള്ള ജീവനക്കാരുടെ മോബൈല്‍ ഫോണുകളടക്കം ഉദ്യോഗസ്ഥര്‍ വാങ്ങിവെച്ചു. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹി പൊലീസ് അകത്തും പുറത്തും സുരക്ഷ ഒരുക്കിയിരുന്നു. റെയ്ഡല്ല സര്‍വേ മാത്രമാണ് നടന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക, ധന സമാഹരണവുമായി ബന്ധപ്പെട്ടും ബി.ബി.സിക്കെതിരെ പരാതിയുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നു എന്ന വിമര്‍ശനം ഉയരുമ്പോള്‍ കൂടിയാണ് ഇത്തരമൊരു റെയ്ഡ്.
‘അദാനിയോട് ആഹാ, ബി.ബി.സിയോട് ഓഹോ’ എന്നാണ് ആദായനികുതി റെയ്ഡില്‍ കോണ്‍ഗ്രസിന്റെ കളിയാക്കല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ മൗനം പാലിക്കുമ്പോള്‍ തന്നെയാണ് ഇത്തരമൊരു റെയ്ഡ് അരങ്ങേറിയത്. ഇന്ത്യയില്‍ സ്വതന്ത്ര പത്രപ്രവര്‍ത്തനം ദുഷ്‌കരമായിട്ട് വര്‍ഷങ്ങളായി. ഹത്രാസില്‍ ബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവേയാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലാകുന്നത്.
കരുതല്‍ നടപടി എന്ന നിലക്കാണ് കസ്റ്റഡിയിലെടുത്തതെങ്കിലും പിന്നീട് യു.എ.പി.എ ചുമത്തുകയും കലാപത്തിന് ഗൂഡാലോചന നടത്തി എന്ന കേസിലും പ്രതിയാക്കി. അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് 2017 സെപ്തംബര്‍ അഞ്ചിനാണ് കൊല്ലപ്പെടുന്നത്. ഇതുവരെ പ്രതികളെ പിടിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. ആസിഫ് സുല്‍ത്താന്‍, ഗൗതം നവലാഖ, മനം ദാര്‍, സജാദ് ഗുല്‍, ഫഹദ് ഷാ, രൂപേഷ് കുമാര്‍ സിംഗ് എന്നിവരൊക്കെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെട്ട പത്രപ്രവര്‍ത്തകരാണ്. സര്‍ക്കാരിനെക്കുറിച്ചുള്ള വിമര്‍ശനാത്മക റിപ്പോര്‍ട്ടിംഗ് പതിവായി നടത്തുന്ന 29 മാധ്യമ സ്ഥാപനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് എന്‍.ഡി.ടി.വി നടത്തിയ (അദാനി ഏറ്റെടുക്കുന്നതിന് മുമ്പ്) അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഉത്തര്‍പ്രദേശ് ആസ്ഥാനമായ മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കര്‍, ലഖ്‌നൗ ആസ്ഥാനമായ ടി.വി ചാനലായ ഭാരത് സമാചാര്‍ എന്നിവര്‍ക്കെതിരെ നടത്തിയ റെയ്ഡുകള്‍ യു.പിയിലെ രണ്ടാം കോവിഡ് തരംഗത്തെ നേരിട്ടതിലുള്ള സര്‍ക്കാരിന്റെ പരാജയത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ അനന്തരഫലമാണ്. ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ ജുഡീഷ്യറിക്കെന്ന പോലെ മാധ്യമങ്ങള്‍ക്കുമുണ്ട് അവകാശം. അത്തരം വിമര്‍ശങ്ങളെ സര്‍ക്കാര്‍ സഹിഷ്ണുതയോടെ കാണുകയും അംഗീകരിക്കുകയും വേണം. അത് ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. അനങ്ങിയാല്‍ റെയ്‌ഡെന്ന ഉമ്മാക്കി കാണിച്ച് ഇനിയും അപഹാസ്യരാകരുത്.