X

ഷുക്കൂര്‍ വധക്കേസ്: ”നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരും” പി.എം.എ സലാം

ഷുക്കൂർ വധക്കേസിൽ നീതി ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതൽ ഹർജി കോടതി തള്ളിയ വിഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിക്കൂറുകളോളം വിചാരണ നടത്തി സി.പി.എമ്മിന്റെ പാർട്ടി കോടതി വധശിക്ഷ വിധിച്ച അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിത്. ഈ കൊലപാതകത്തിൽ ഉന്നത നേതാക്കളുടെ ഗൂഢാലോനയുണ്ട് എന്നത് ഞങ്ങളുടെ വാദമല്ല. അതൊരു യാഥാർത്ഥ്യമാണ്. ആ യാഥാർത്ഥ്യം കോടതിക്കും ബോധ്യപ്പെട്ടു എന്നാണ് വിടുതൽ ഹർജി തള്ളിയ നടപടിയിൽനിന്ന് മനസ്സിലാകുന്നത്.

ജയരാജന്റെ വാഹനത്തിന് കല്ലെറിഞ്ഞു എന്ന ഒരു വ്യാജ ആരോപണമുണ്ടാക്കിയാണ് കൗമാരം വിടാത്ത കുട്ടിയെ ക്രൂരമായി കൊന്നത്. ഈ കേസിൽനിന്ന് അങ്ങനെ എളുപ്പത്തിൽ വിടുതൽ നേടാമെന്ന് ജയരാജനും രാജേഷും കരുതേണ്ടതില്ല. തളിപ്പറമ്പ് ആശുപത്രിയിൽ റൂം നമ്പർ 315ൽ വെച്ച് ജയരാജന്റെയും രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഢാലോനയിൽ പങ്കെടുത്ത രണ്ട് പേർ ഷുക്കൂർ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടതിന്റെ ഡാറ്റയും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളുമുണ്ട്. ഈ ഗൂഢാലോചന നേരിട്ട് കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളുമുണ്ട്. വിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുന്നത് വരെ മുസ്ലിംലീഗ് നിയമ പോരാട്ടം തുടരും. – പി.എം.എ സലാം പറഞ്ഞു. വളരെ ഗൗരവത്തിലാണ് പാർട്ടി ഈ കേസിനെ സമീപിച്ചതെന്നും ഇനിയുള്ള ദിവസങ്ങളിലും അതേ ഗൗരവത്തിൽ കേസ് നടത്തിപ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk13: