കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ സി.ബി. ഐ പ്രത്യേക കോടതിയിലാണ് നടത്തേണ്ടതെന്ന് സുപ്രിംകോടതിയുടെ വിധിയുണ്ടെന്ന സി.ബി. ഐയുടെ വാദം അംഗീകരിച്ചാണ് നടപടി. കേസ് എറണാകുളത്തേക്ക് മാറ്റുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. സി.ബി.ഐക്ക് കേസില്‍ പ്രത്യേക താല്‍പര്യമുള്ളതുകൊണ്ടാണ് വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു സര്‍ക്കാര്‍ വാദം. സര്‍ക്കാറിന്റെ ഈ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഉന്നത സി.പി.എം നേതാക്കള്‍ പ്രതികളായ കേസില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ വിചാരണ ഉറപ്പാക്കുന്നതിന് കേസ് ജില്ലക്കു പുറത്തുള്ള സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് കൊല്ലപ്പെട്ട ഷുക്കൂറിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് സി.ബി.ഐ അന്വേഷിച്ച കേസുകളെല്ലാം പ്രത്യേക സി.ബി.ഐ കോടതികളില്‍ മാത്രമേ വിചാരണ നടത്തിയിട്ടുള്ളൂവെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഈ വാദവും ഹൈക്കോടതി പരിഗണിച്ചു. കോലപാതക കേസുകള്‍ പരിഗണിക്കാനുള്ള അധികാരം തലശ്ശേരി സെഷന്‍സ് കോടതിക്കുണ്ടെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. 2012 ഫെബ്രുവരി 20നു കണ്ണൂര്‍ ജില്ലയിലെ അരിയില്‍ വച്ചു സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍, ടി വി രാജേഷ് എം.എല്‍.എ എന്നിവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുവെച്ചുവെന്നാരോപിച്ചാണ് അരിയില്‍ ഷുക്കൂറിനെ കീഴറയില്‍ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞുവെച്ചു പാര്‍ട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയത്. വിചാരണ എറണാകുളത്തെ സി.ബി.ഐ കോടതിയിലേക്ക് മാറ്റിയതോടെ കേസിലെ രേഖകള്‍ പ്രാഥമിക പരിഗണനകള്‍ക്കായി എറണാകുളം സി.ജെ.എം കോടതിയിലേക്ക് മാറ്റും. തുടര്‍ന്നു മേല്‍ നടപടികള്‍ക്കായി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിക്കു കൈമാറും. സംസ്ഥാന പൊലിസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടു ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ഹൈക്കോടതിയുടെ വിധിക്കെതിരെ കേസിലെ പ്രതികള്‍ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട.് കേസില്‍ 33 പ്രതികളാണുള്ളത്. കേരള പൊലിസിന്റെ അന്വേഷണത്തില്‍ ജയരാജനും ടി വി രാജേഷും കുറ്റകൃത്യത്തെ കുറിച്ചു അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയത്. എന്നാല്‍ സി.ബി.ഐ അന്വേഷണത്തില്‍ ഇരുവര്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയിരുന്നു.
- 6 years ago
chandrika