ഫൈസല്‍ മാടായി
കണ്ണൂര്‍: ‘നമ്മളെ നാട്ടില്‍ ഇനി ആരെയും കൊല്ലരുത്’. അനന്യയുടെ വാക്കുകള്‍ അധികാര സ്ഥാനങ്ങള്‍ വാഴുന്നോരോടായിരുന്നു. രാഷ്ട്രീയ കുരുതി കുഞ്ഞിളം മനസുകളെയും പിടിച്ചുലക്കുന്നുവെന്ന് അവളുടെ സ്വരത്തിലും മുഖത്തും പ്രകടം. ആ ഏഴാം ക്ലാസുകാരി നോട്ടുബുക്കില്‍ കുറിച്ചതും കൊലപാതകത്തിനെതിരെയുള്ള വരികളാണ്.
രാഷ്ട്രീയ കുടിപകയില്‍ ഇനിയാരുടെയും ജീവന്‍ നഷ്ടപ്പെടരുത്. അനാഥമാകരുത് ഒരു കുടുംബവും. താനും ചേരുകയാണ് നിരാഹാര സമരത്തില്‍.
ദൃഡനിശ്്ചയത്തിലെ കരുത്താണ് ഇരിട്ടിയില്‍ നിന്ന് അനന്യയെ കെ.സുധാകരന്റെ നിരാഹാര വേദിയില്‍ എത്തിച്ചത്. ഷുഹൈബിന്റെ ജീവനെടുത്ത കിരാത അക്രമത്തിന്റെ ചിത്ര-ദൃശ്യങ്ങള്‍ കണ്ടും വാര്‍ത്തകള്‍ വായിച്ചും അറിഞ്ഞത് മുതല്‍ തേങ്ങുകയായിരുന്നു അവളുടെ ഉള്ളവും.
കണ്ണൂരില്‍ നിരാഹാരം കിടക്കുന്ന നേതാവിനെ കുറിച്ച് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. മാതാപിതാക്കളായ സുരേഷ്് ബാബുവിനോടും ഷീബയോടും തനിക്കും നിരാഹാരം കിടക്കണമെന്ന ആഗ്രഹം അറിയിച്ചു. മാതാപിതാക്കള്‍ അതത്ര കാര്യമാക്കിയില്ല. നാട്ടില്‍ ഇനിയാരും കൊല്ലപ്പെടരുതെന്ന ചിന്തയില്‍ അനന്യയെന്ന പന്ത്രണ്ടുകാരിയുടെ ആഗ്രഹം വാശിയായി വളര്‍ന്നു. അങ്ങിനെയാണ് ഇരിട്ടി മീത്തലെ പുന്നാട് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ അനന്യ സുധാകരന്റെ സമര പന്തലിലെത്തിയത്.
സുധാകരനെ നേരില്‍ കാണുന്നത് ആദ്യം. 2002ല്‍ വിവാഹിതരായ മാതാപിതാക്കളുടെ വിവാഹ ആല്‍ബത്തില്‍ കണ്ട പരിചയമേയുള്ളൂ സുധാകരനെ. വിവാഹ സമയത്ത് സുധാകരന്‍ വനം വകുപ്പ് മന്ത്രിയായിരുന്നുവെന്ന് പിതാവ് സുരേഷ് ബാബു അവള്‍ക്ക് പറഞ്ഞ് കൊടുത്തിരുന്നു. സണ്ണിജോസഫ് എം.എല്‍.എയുമായി ബന്ധപ്പെട്ടാണ് സുരേഷ് ബാബു മകളുടെ ആഗ്രഹമറിയിച്ചത്.
സമര പന്തലിലെത്തിയ അനന്യയും സുധാകരനൊപ്പം നിരാഹാര സമരത്തിനൊരുങ്ങുകയാണെന്ന് അറിയിച്ചപ്പോള്‍ ആവേശത്തോടെയാണ് സദസ് സ്വീകരിച്ചത്. രാഷ്ട്രീയ പരമായ അറിവൊന്നുമില്ലെങ്കിലും പൊതുകാര്യങ്ങളെ കുറിച്ച് മാതാപിതാക്കളുമായി വിശേഷങ്ങള്‍ പങ്കുവെക്കാറുള്ള ആ മിടുക്കിയെ ത്രിവര്‍ണ്ണാങ്കിത ഷാളണിയിച്ചാണ് നേതാക്കള്‍ സ്വീകരിച്ചത്. എതിരാളിയുടെ ജീവനെടുക്കുന്ന രാഷ്ട്രീയം ഇവിടെ വേണ്ടെന്നും കൊലകത്തി താഴെവെക്കണമെന്ന അഭ്യര്‍ത്ഥനയില്‍ ആശങ്കാകുലരായ ബാല്യങ്ങളുടെ ശബ്ദമായി മാറും അനന്യയുടെ നിരാഹാരം.