ഹൃദയംപൊട്ടുന്ന വേദനയുമായി ഷുഹൈബിന്റെ സഹോദരിമാര്‍ കെ.സുധാകരന്റെ സമര പന്തലിലെത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സഹോദരിമാരായ മൂന്നു പേരും പന്തലിലെത്തിയത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി സ്വീകരിച്ചപ്പോള്‍ മൂന്നു പേരും മനസ്സിനെ നിയന്ത്രിക്കാനാവാതെ പൊട്ടിക്കരഞ്ഞു. വളരെ കുറച്ചു സമയം മാത്രമാണ് പന്തലില്‍ ചെലവഴിച്ചത്. സഹോദരിമാരായ ഷമീമ,ഷര്‍മില, സുമയ്യ എന്നിവര്‍ ബന്ധുക്കളോടൊപ്പമാണ് എത്തിയത്. കെ.സുധാകരനെയും ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയെയും അഭിവാദ്യം ചെയ്തു.
സി.ബി.ഐ അന്വേഷണത്തിനുള്ള തീരുമാനം നീണ്ടുപോകുകയാണെങ്കില്‍ കുടുംബവും സമരത്തിനിറങ്ങുമെന്ന് അവര്‍ കെ.സുധാകരനെ അറിയിച്ചു. കഴിഞ്ഞ ദിവസം സഹോദരി സുമയ്യ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയിരുന്നു. കണ്ണൂരിലെ ക്രൂരത അവസാനിപ്പിക്കാന്‍ താങ്കള്‍ മുന്‍കൈ എടുക്കണമെന്നും ഷുഹൈബ് കൊലപാതക രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയായിരിക്കണമെന്നുമാണ് ആവശ്യം. കേസ് അന്വേഷണം സി.ബി.ഐക്കുവിടണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം നീണ്ടു പോകുകയാണ്. ഇതിനിടെയാണ് സമര പന്തലിലെത്തി സഹോദരിമാര്‍ സുധാകരന് അഭിവാദ്യമര്‍പ്പിച്ചത്. ഇതിനിടെ സമരപന്തലിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. കെ.സുധാകരന്റെ ആരോഗ്യനില കൂടുതല്‍ മോശമായിട്ടുണ്ട്. അദ്ദേഹത്തെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയും ഏറി.