X
    Categories: MoreViews

ഷുഹൈബ്- സഫീര്‍- മധു വധം: പ്രതിപക്ഷ പ്രതിഷേധത്തില്‍ രണ്ടാംദിനവും സഭ സ്തംഭിച്ചു

തിരുവനന്തപുരം: ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ തുടര്‍ച്ചയായ രണ്ടാംദിനവും സ്തംഭിച്ചു. മണ്ണാര്‍കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് എന്‍.ഷംസുദ്ദീന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിന് കാരണമായി. ഈ വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോട് സര്‍ക്കാര്‍ വിമുഖത കാട്ടിയതോടെയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്. പ്രതിഷേധം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ നേരത്തെ പിരിഞ്ഞു. അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുകയും സര്‍ക്കാര്‍ നിര്‍ദേശം കണ്ണുംപൂട്ടി അനുസരിക്കുകയും ചെയ്ത സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം ശക്തമായ വിമര്‍ശനമുന്നയിച്ചു.
ഒന്നാം ദിവസത്തിന്റെ തുടര്‍ച്ചയെന്നോണം രാവിലെ 8.30ന് ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ ബാനറുകളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ ഡയസ്സിന് മുന്നിലെത്തി പ്രതിഷേധിച്ച പ്രതിപക്ഷ നിരക്ക് നേരെ ഭരണപക്ഷാംഗങ്ങള്‍ ആക്രോശിച്ചതും സഭയില്‍ ബഹളത്തിന് കാരണമായി. പ്രതിഷേധം തുടര്‍ന്നതോടെ മുക്കാല്‍ മണിക്കൂറോളം ചോദ്യോത്തരവേള നിര്‍ത്തിവെച്ചു. ഇതിനിടെ സ്പീക്കര്‍ കക്ഷിനേതാക്കളുമായി സമവായ ചര്‍ച്ച നടത്തി.

chandrika: