X

സുധാകരന്‍ ക്ഷീണിതന്‍ നിരാഹാര സമരം നൂറാം മണിക്കൂറിലേക്ക്

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് കെ.സുധാകരന്റെ നിരാഹാര സമരം നൂറാം മണിക്കൂറിലേക്ക്. അനിശ്ചിതകാല നിരാഹാരത്തിന് ഐക്യദാര്‍ഢ്യവുമായി മഹിളകള്‍ ഉപവാസ സമരവുമായെത്തി.
19ന് തുടങ്ങിയ 48 മണിക്കൂര്‍ നിരാഹാരം യു.ഡി.എഫ് ഉന്നതാധികാര സമിതി തീരുമാന പ്രകാരമാണ് അനിശ്ചിത കാലത്തേക്ക് നീണ്ടത്. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പൊലീസ് തുടരുന്ന രാഷ്ട്രീയ വിധേയത്വമാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കാന്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സുധാകരന്‍.

അതേസമയം മണിക്കൂറുകള്‍ പിന്നിടുന്തോറും സുധാകരന്റെ ആരോഗ്യ നില മോശമായി വരികയാണ്. ആരോഗ്യ സ്ഥിതി പരിശോധിച്ച വൈദ്യ സംഘം ഈകാര്യം ജില്ലാ ഭരണകൂടത്തെയും പൊലീസ് മേധാവിയെയും അറിയിച്ചിട്ടുണ്ട്. ഓരോ ദിവസവും സമര പന്തലില്‍ സുധാകരന് ഐക്യദാര്‍ഢ്യം അറിയിച്ചെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും സമര പന്തലില്‍ എത്തുന്നുണ്ട്. സി.പി.എം കാപാലികതയ്‌ക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തി സി.പി.എം അനുഭാവികളും നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തുമ്പോള്‍ ജനനിബിഡമാണ് പന്തലും പരിസരവും.

മുസ്‌ലിംലീഗ് നേതാക്കളായ സി.മോയിന്‍കുട്ടി എം.എല്‍.എ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, നജീബ് കാന്തപുരം, യു.ഡി.എഫിന്റെ വിവിധ കക്ഷി നേതാക്കളും യുവജന സംഘടനാ നേതാക്കളും ഇന്നലെ സമര പന്തലിലെത്തി.

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് സമര പന്തലില്‍ ഇന്നലെ ഒരു ദിവസത്തെ ഉപവാസം നടന്നത്. ഉപവാസം മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ യു.ഡി.എഫിന്റെ വിവിധ പോഷക സംഘടനകളും ഉപവാസ പാതയില്‍ സജീവമാകും. സാംസ്‌കാരിക സംഘടനകളെയും അണിനിരത്തി സമരം ശക്തമാക്കാനാണ് തീരുമാനം. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, രജനി രമാനന്ദ്, ഡോ.കെ.വി.ഫിലോമിന, സി.ടി ഗിരിജ, തങ്കമ്മ വേലായുധന്‍, അമൃത രാമകൃഷ്ണന്‍, പി.കെ സരസ്വതി തുടങ്ങി മഹിളാ കോണ്‍ഗ്രസ് നേതാക്കളാണ് ഐക്യദാര്‍ഢ്യ ഉപവാസ സമരം നടത്തിയത്. വനിതാലീഗ് നേതാക്കളും ഉപവാസത്തില്‍ പങ്കെടുത്തു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇന്നലെയും മുസ്‌ലിംലീഗിന്റെയും യു.ഡി.എഫിലെ മറ്റ് ഘടക കക്ഷി നേതാക്കളും സമര പന്തലിലെത്തി.

chandrika: