കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കൊടിയേരി ബാലകൃഷ്ണന്‍
ആവര്‍ത്തിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും.
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.