കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെടുന്നതിന് മൂന്നാഴ്ച്ച മുമ്പ് അദ്ദേഹത്തെ പരാമര്‍ശിച്ച് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. എടയന്നൂര്‍, മട്ടന്നൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം അക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ പ്രസ്താവനയ്ക്കു മറുപടിയായാണ് സി.പി.എം ജില്ലാ സെക്രട്ടറി ജനവരി 17ന് ഫേസ് ബുക്ക് പോസ്റ്റിട്ടത്.
”എടയന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എഫ്.ഐയുടെ പതാക
ഒരു യൂത്ത് കോണ്‍ഗ്രസുകാരന്‍ പരസ്യമായി നശിപ്പിച്ചതാണ് സംഘര്‍ഷങ്ങളുടെ തുടക്കം .
ഇങ്ങനെ ചെയ്ത യൂത്ത് കോണ്‍ഗ്രസ്സുകാരനെ കയ്യോടെ എസ്.എഫ്.ഐ പ്രവര്‍ത്തകന്മാര്‍ പിടികൂടി. ഇതേ തുടര്‍ന്നാണ് ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായത്.
ഇത്തരം സംഭവത്തിന്റെ തുടക്കം കുറിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരനെ തള്ളിപ്പറയുന്നതിന് പകരം ഡി.സി.സി പ്രസിഡന്റ് സി.പി.ഐ.എമ്മിനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവന പുറപ്പെടുവിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്”.
ഇതു പ്രകാരം ജില്ലാ സെക്രട്ടറി നേരത്തെ തന്നെ എടയന്നൂരിലെ സംഘര്‍ഷങ്ങളെ കുറിച്ച് ബോധവാനാണെന്നും സ്‌കൂള്‍ വിഷയത്തെ കുറിച്ച് അദ്ദേഹത്തിനു അറിവുണ്ടെന്നുമാണ് സൂചിപ്പിക്കുന്നത്.
എടയന്നൂരിള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തുന്നതിനു പിന്നില്‍ ഗോപാലസേനയാണെന്നാണ് സതീശന്‍ പാച്ചേനിയുടെ പ്രസ്താവന. എന്നാല്‍ എടയന്നൂരിലെ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ നടന്ന സംഭവങ്ങളെ ചൂണ്ടിക്കാട്ടി സിപിഎംസേനയെ കുറിച്ച് പ്രസ്താവനയിറക്കുന്ന ഡിസിസി പ്രസിഡന്റ് എന്ത് കൊണ്ട് ആര്‍ എസ് എസുകാര്‍ ഏകപക്ഷീയമായി കോണ്‍ഗ്രസ്സുകാരെ ആക്രമിച്ചപ്പോള്‍ ഒരു സേനയെ കുറിച്ചും പ്രസ്താവന ഇറക്കിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.