കണ്ണൂര്‍: ഷുഹൈബിന്റെ കൊലയുമായി ബന്ധപ്പെട്ട് കൃത്യവിലോപം കാട്ടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കലക്ടറേറ്റിന് മുന്നില്‍ നിരാഹാര സത്യഗ്രഹം നടത്തുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ സുധാകരനെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
പ്രതികളെ പിടികൂടാന്‍ പോയ പൊലീസ് സംഘത്തിന്റെ രഹസ്യ നീക്കങ്ങള്‍ ചോര്‍ന്നുവെന്നാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ പൊലീസ് സൂപ്രണ്ട് തന്നെയാണ് പരാതിപ്പെട്ടിരിക്കുന്നത്. കൊല നടന്ന സ്ഥലത്ത് സുരക്ഷ ഏര്‍പ്പെടുത്താതെ തെളിവ് നശിപ്പിക്കാനുള്ള സാഹചര്യവും ഉണ്ടാക്കിയ പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാവണം. ഷുഹൈബിനെ കൊലപ്പെടുത്തിയത് സി പി എമ്മുകാരാണെന്ന് പോലീസ് തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഷുഹൈബിന്റെ കൊലയെ തുടര്‍ന്ന് സര്‍വകക്ഷി സമാധാന യോഗം വിളിക്കേണ്ടിയിരുന്നത് ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. കണ്ണൂര്‍ എന്നല്ല എവിടെ അദ്ദേഹം സമാധാന യോഗം വിളിച്ചാലും തങ്ങള്‍ പങ്കെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.