X
    Categories: CultureNewsViews

ഷുഹൈബ് വധം; ‘മുഖ്യ പ്രതിക്ക് മുഖ്യമന്ത്രിയുമായുള്ള ബന്ധം അന്വേഷിച്ചില്ല’

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായുമുള്ള ബന്ധം പൊലീസ് അന്വേഷിച്ചില്ലെന്ന് മാതാപിതാക്കള്‍. ആരോപണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍. കൊലക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദും മാതാവ് എസ്പി റസിയയും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പി ജയരാജനുമായി കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്കുള്ള അടുത്ത ബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കൊലപാതക കേസുള്‍പ്പെടെ 11 കേസുകളില്‍ ആകാശ് തില്ലങ്കേരി പ്രതിയാണ്. കാപ്പ നിയമപ്രകാരം ആകാശിനെതിരെ നടപടിയും ആരംഭിച്ചിട്ടുണ്ട്. ആകാശ് ഉള്‍പ്പെടെ ഷുഹൈബ് വധക്കേസിലെ പ്രതികള്‍ക്കെതിരായ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ഹൈക്കോടതി സിംഗില്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. മന്ത്രി ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി രതീഷ്, ഷുഹൈബിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേകുറിച്ചും അന്വേഷണം നടത്തിയില്ലെന്ന് മാതാപിതാക്കള്‍ അപ്പീലില്‍ സൂചിപ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ മുതിര്‍ന്ന സിപിഎം നേതാക്കളാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത്. എന്നാല്‍ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. കൊലപാതക സമയത്ത് മൂന്ന് ബോംബുകള്‍ പൊട്ടിയെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിട്ടും യുഎപിഎ ചുമത്തിയില്ല. യുഎപിഎ ചുമത്തിയിരുന്നുവെങ്കില്‍ ഡിഎസ്പി റാങ്കിലെ ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തുമായിരുന്നുവെന്നും ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രാദേശിക വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചത്. എന്നാല്‍ കൊലക്കേസില്‍ അറസ്റ്റിലായവര്‍ക്ക് ആര്‍ക്കും ഷുഹൈബുമായി നേരിട്ട് പരിചയമോ ശത്രുതയോ ഇല്ലെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: