X

ആകാശ് മൊഴി നല്‍കിയ നേതാവ് നാട്ടിലുണ്ട്; പ്രതിചേര്‍ക്കില്ലെന്ന പൂര്‍ണ വിശ്വാസത്തോടെ..

കണ്ണൂര്‍: ഷുഹൈബിനെ വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രതി എം.വി ആകാശ് മൊഴിയില്‍ വെളിപ്പെടുത്തിയ നേതാവ് ഒളിവില്‍ പോവുകയോ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ചെയ്തിട്ടില്ല. നാട്ടില്‍ തന്നെയുണ്ട്; അന്വേഷണ സംഘത്തിന്റെ കണ്‍വെട്ടത്തു തന്നെ. എന്നാല്‍ പാര്‍ട്ടിയെ ഭയന്ന് തന്നെ പോലീസ് വിളിപ്പിക്കുക പോലുമില്ലെന്ന് ഇയാള്‍ക്ക് ഉറപ്പുണ്ട്. ആ വിശ്വാസം ശരിയാവുകയാണ്. മൊഴി ലഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും അന്വേഷണ സംഘം അയാളെ വിളിപ്പിക്കുക പോലും ചെയ്തിട്ടില്ല.

നേരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവും ഇപ്പോള്‍ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ നേതാവിലേക്കെത്തുന്നതിന് പോലീസിന് തടസമാകുന്നത് ഇയാളുടെ പാര്‍ട്ടിയിലെ സ്ഥാനം മാത്രമല്ല. ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇയാള്‍ക്കുള്ള ഉറ്റ ബന്ധം കൂടിയാണ്. ബുധനാഴ്ച മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പോലും ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഒളിവില്‍ പോവുകയോ ചെയ്യാതെ ഇയാള്‍ നാട്ടില്‍ തന്നെ തുടരുന്നത് അതൊക്കെ സംശയത്തിനിടയാക്കുമെന്ന കാരണത്താലല്ല, പാര്‍ട്ടി ഭരിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് തന്നിലേക്കെത്താനാവില്ലെന്ന ഉറച്ച ബോധ്യമാണെന്ന് ഇയാളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ശുഹൈബിനെ വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതും തല്ലിയാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ പോര വെട്ടണമെന്ന് പറഞ്ഞതും അതിന് വാളുകള്‍ നല്‍കിയതും ഇയാളാണെന്നാണ് എം.വി ആകാശിന്റെ മൊഴിയിലുള്ളത്. പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ കേസിനെക്കുറിച്ച് ഭയം വേണ്ടെന്നും ഡമ്മി പ്രതികളെ ഹാജരാക്കി കേസില്‍ നിന്ന് രക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞതായും മൊഴിയിലുണ്ടായിരുന്നു. ആകാശിന്റെ മൊഴി പുറത്തു വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇയാളെ വിളിപ്പിക്കാന്‍ പോലും അന്വേഷണ സംഘത്തിന് ധൈര്യമുണ്ടായില്ല. വാഹനം ഏര്‍പ്പാടാക്കിയതും ആയുധം നല്‍കിയതും ഇയാളായതിനാല്‍ അന്വേഷണം ഇനി മുന്നോട്ട് പോവണമെങ്കില്‍ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.

കൊലക്കു പിന്നില്‍ ഈ നേതാവാണെന്ന സംശയം കൊല നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ പ്രകടിപ്പിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇയാളുടെ ചിത്ര സഹിതം വാര്‍ത്തയും പ്രചരിച്ചിരുന്നു. നേരത്തെ ഇയാള്‍ ശുഹൈബിന്റെ വീട് സ്ഥിതി ചെയ്യുന്ന എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. അവിടെ ശുഹൈബ് ഇയാളുടെ എതിരാളി ആയിരുന്നു. എടയന്നൂരില്‍ നടന്ന മിക്ക ഏറ്റുമുട്ടലുകളിലും സി.പി.എം പക്ഷത്തിന് നേതൃത്വം നല്‍കിയതും ഇയാളായിരുന്നു. ഈ സാഹചര്യത്തിലാണ് ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധ ആദ്യം തന്നെ ഇയാളിലേക്ക് തിരിഞ്ഞത്. സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയാണ് ഇതിനെ പ്രതിരോധിച്ചിരുന്നത്.

ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷണം വേണ്ടെന്നും പൊലീസിന്റെ പണി പാര്‍ട്ടി ചെയ്യേണ്ടെന്നുമായിരുന്നു കൊടിയേരിയുടെ പ്രതികരണം. തുടര്‍ന്നാണ് സമ്മേളന വേദിയില്‍ മൂന്നുപേരുടേയും കൂടിക്കാഴ്ച്ച. സംസ്ഥാന സമ്മേളനത്തിനുശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം ചെയ്‌തെന്ന് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയിലുണ്ടായ സംഭവ വികാസങ്ങള്‍ മറ്റിടങ്ങളിലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി മറ്റുജില്ലകളിലെ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

chandrika: