X

ഷുഹൈബ് വധം; ഭരണകൂടത്തില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ ഘാതകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരന്റെ തുറന്ന കത്ത്.

ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറേേവറ്റുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയപ്പെട്ടതായി സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിട്ടും ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയനില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല. ലോകത്തെമ്പാടും നടക്കുന്ന മനുഷ്യ കുരുതിയെ കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും പ്രസംഗിക്കുന്ന സി.പി.എം നേതൃത്വം കേരളത്തിലെ നരനായാട്ട് കാണുന്നില്ലെയെന്നും സുധാകരന്‍ ചോദിച്ചു.

കേരളത്തിലെ പാര്‍ട്ടി ഏതാനും ക്രമിനലുകളുടെ കയ്യിലാണുള്ളത്. രാജ്യത്താകമാനം വര്‍ധിച്ച് വരുന്ന വര്‍ഗീയ ഫാസിസത്തിനെതിരെ പോരാട്ടം ശക്തമാക്കണമെന്ന ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ടൂരമായാണ് വധിച്ചത്. കൊല്ലും കൊലയും മാത്രം പ്രവര്‍ത്തന ശൈലിയായി സ്വീകരിച്ച കണ്ണൂര്‍ ജില്ലയിലെ ക്രിമിനലുകളായ നേതാക്കളെയും പ്രവര്‍ത്തകരെയും നിലക്ക് നിറുത്താന്‍ ദേശീയ നേതൃത്വം തയ്യാറാകണമെന്ന് സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

chandrika: