X

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കാന്‍ തയ്യാറെന്ന് കുടുംബം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ശുഹൈബിന്റെ കുടുംബം. കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരമിരിക്കാന്‍ തയ്യാറാണെന്നും ശുഹൈബിന്റെ കുടുംബം പറഞ്ഞു.

ശുഹൈബ് കൊല്ലപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. എം.എല്‍.എയോ മന്ത്രിയോ പോയിട്ട് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ശുഹൈബിന്റെ പിതാവ് പറഞ്ഞു. സി.ബി.ഐ അന്വേഷണം നടത്തുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പില്ലെന്നാണ് മന്ത്രി എ.കെ.ബാലന്‍ കണ്ണൂരില്‍ വന്നപ്പോള്‍ പറഞ്ഞത്. ആ നിലപാടില്‍ നിന്നും സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോക്കം പോയിരിക്കുകയാണെന്നും പിതാവ് പറഞ്ഞു.

ശുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുണ്ട്. മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. കേസ് അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മുഴുവനും പ്രതികളേയും പിടികൂടാനുമുള്ള ആര്‍ജ്ജവം കേരള പോലീസിനുണ്ട്. ശേഷിക്കുന്ന പ്രതികളെ ഒരാഴ്ച്ചക്കകം പിടികൂടും. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം എന്ന ആവശ്യം ഉദിക്കുന്നു പോലുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

chandrika: