X

ശുഹൈബ് വധം: സി.പി.എമ്മിന്റെ ക്വട്ടേഷന്‍ തന്നെ; അന്വേഷണം അട്ടിമറിക്കുന്നുവെന്ന് കോണ്‍ഗ്രസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. ശുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പ്രതികള്‍ പറയുന്നു. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യം. പ്രാദേശികമായുണ്ടായ സംഘര്‍ഷങ്ങളാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നും പ്രതികള്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വം അറിഞ്ഞുകൊണ്ടാണ് കൊല നടത്തിയതെന്നും മൊഴിയില്‍ പറയുന്നു.

അതേസമയം, ഇരിട്ടി ഡി.വൈ.എസ്.പി കേസ് അട്ടിമറിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതില്‍ മനംമടുത്താണ് എസ്.പി ലീവില്‍ പോയതെന്ന് കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തത് എസ്.പിയെ മറികടന്നാണ്. താനെത്തിയിട്ട് അറസ്റ്റ് മതിയെന്നും എസ്.പി പറഞ്ഞിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

അതിനിടെ, കേസില്‍ ഗുരുതര ആരോപണങ്ങളുമായി കണ്ണൂര്‍ എസ്.പി തന്നെ രംഗത്തെത്തി. അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിലുള്ളവര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുകയാണ്. ഇക്കാര്യം ഡി.ജി.പി, ഉത്തരമേഖലാ ഐ.ജി, എ.ഡി.ജി.പി എന്നിവരെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരക്കാര്‍ അണ്‍ഫ്രഫഷണല്‍ ആണെന്നായിരുന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശുഹൈബ് വധക്കേസ് ഐ.ജി മഹിപാല്‍ യാദവിന് നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അറിയിച്ചു.

chandrika: