തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. പൊലീസ് സി.പി.എമ്മിന്റെ ഡമ്മി പ്രതിമകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.
കൊലപാതകത്തില്‍ പൊലീസിന് ഇതുവരെ പ്രതികളെ പിടിക്കാന്‍ കഴിയാത്തത് കള്ളക്കളിയാണ്. സി.പി.എം ഡമ്മി പ്രതികളെ കൊടുക്കുന്നതുവരെ പൊലീസ് കാത്തിരിക്കുകയാണ്. നേതൃത്വം അറിഞ്ഞു കൊണ്ട് നടത്തിയ കൊലപാതകമാണിത്. പോലീസ് സമ്മര്‍ദത്തില്‍ ആണ്. കുറ്റകൃത്യം നടത്തിയ ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാനും പോലീസ് സഹായം ഒരുക്കി. കണ്ണൂരിലെ സി.പി.എം കൊലയാളികള്‍ നടത്തുന്ന സ്ഥിരം രീതിയിലാണ് കൊല നടത്തിയത്. 41 വെട്ടുകള്‍ ശുഹൈബിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശുഹൈബിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. അദ്ദേഹത്തിന്റെ മൗനം കൊലപാതകികള്‍ക്ക് പ്രോത്സാഹനമാണ്. ഒരു കൊലയാളി പാര്‍ട്ടി ആയി സി.പി.എം മാറുകയാണെന്നും ജയിലിനുള്ളിലും പുറത്തും കൊലപാതകികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.