കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. കേസിലെ പന്ത്രണ്ടാം പ്രതിയായ പി.കെ.അഭിനാഷിനെയാണ് ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ഷുഹൈബിനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ അഭിനാഷും ഭാഗമായിരുന്നുവെന്നാണ് പൊലീസ് കുറ്റപത്രം. കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത അഭിനാഷിനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
2018 ഫെബ്രുവരി 12 നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ വിശ്വസ്തനായ ആകാശ് തില്ലങ്കേരി അടക്കമുള്ളവരാണ് പ്രധാന പ്രതികള്‍. കണ്ണൂരിലെ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീതിപരത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.