X

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സി.പി.എം ഗുണ്ടകള്‍ കൊലപ്പെടുത്തിയ കോണ്‍ഗ്രസ് യുവനേതാവ് മട്ടന്നൂര്‍ ഷുഹൈബിന്റെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഷുഹൈബ് വധത്തെ ഉള്‍പ്പെടുത്താനാകില്ലെന്നും യു.എ.പി.എ വകുപ്പ് നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ഷുഹൈബ് വധക്കേസിന്റെ അന്വേഷണം ഒരു വര്‍ഷം മുമ്പാണ് സിംഗിള്‍ ബെഞ്ച് സി.ബി.ഐക്ക് വിട്ടത്. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജസ്റ്റിസ് ബി കെമാല്‍പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂര്‍ത്തിയായി. ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതാണെന്നും അതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ ഷുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

web desk 1: