കണ്ണൂര്‍: ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സി.പി.എമ്മിനെതിരെ മൊഴി നല്‍കി. ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് സി.പി.എം ഉറപ്പുതന്നിരുന്നുവെന്ന് ആകാശ് പൊലീസിന് മൊഴി നല്‍കി.
ക്വട്ടേഷന്‍ നല്‍കിയത് പ്രാദേശിക ഡി.വൈ.എഫ്.ഐ നേതൃത്വമാണെന്ന് ആകാശ് പറഞ്ഞു. കൂടെയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഉറപ്പുതന്നിരുന്നത്. പ്രതികളെ നല്‍കിയാല്‍ പൊലീസ് കൂടുതല്‍ അന്വേഷിക്കില്ല. അടിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് നേതൃത്വം ശഠിച്ചുവെന്നും ആകാശ് മൊഴിയില്‍ പറയുന്നു. വെട്ടിയ ശേഷം വീട്ടിലേക്കാണെന്നാണ് പറഞ്ഞാണ് എല്ലാവരും പോയത്. പിന്നീട് ഒളിവില്‍ പോവുകയായിരുന്നുവെന്നും ആകാശ് വ്യക്തമാക്കുന്നു.
നേരത്തെ, അറസ്റ്റിലായ ആകാശ് തില്ലങ്കേരി സി.പി.എം പ്രവര്‍ത്തകനാണെന്നു സ്ഥിരീകരിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ശുഹൈബിന്റെ വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുമെന്നും ജയരാജന്‍ പറഞ്ഞു. സമാധാനയോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം. പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായശേഷം നടപടി കൈക്കൊള്ളുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, സാമൂഹ്യമാധ്യമങ്ങളില്‍ ജയരാജനൊപ്പം ആകാശ് തില്ലങ്കേരി നില്‍ക്കുന്ന ചിത്രം പരന്നിരുന്നു.
അതേസമയം, ശുഹൈബ് വധക്കേസിലെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സമാധാനയോഗത്തില്‍ വാക്കേറ്റമുണ്ടായി. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സി.പി.എം എം.പിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. അരമണിക്കൂറോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍ യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു.