X

ശുഹൈബ് വധം: പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന പരാമര്‍ശം തിരുത്തി ആകാശിന്റെ പിതാവ്; വിശ്വാസം പാര്‍ട്ടി അന്വേഷണത്തിലെന്ന് നിലപാട്

കണ്ണൂര്‍: പാര്‍ട്ടി കയ്യൊഴിഞ്ഞെന്ന പരാമര്‍ശം തിരുത്തി ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശിന്റെ പിതാവ് വഞ്ഞേരി രവി. പൊലീസിനേക്കാള്‍ വിശ്വാസം പാര്‍ട്ടിയുടെ അന്വേഷണത്തിലാണെന്ന് പിതാവ് ഇന്ന് പറഞ്ഞു.

പാര്‍ട്ടിയുടെ അന്വേഷണം ഇതുവരെ പിഴച്ചിട്ടില്ല. ആകാശ് കുറ്റക്കാരനാണെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അംഗീകരിക്കുമെന്നും രവി പറഞ്ഞു. നേരത്തെ, സി.പി.എമ്മിനെ തള്ളുന്ന രീതിയിലായിരുന്നു പിതാവിന്റെ പരാമര്‍ശങ്ങള്‍. പാര്‍ട്ടി കയ്യൊഴിഞ്ഞെന്നും മകന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബോംബ് കേസില്‍ ബി.ജെ.പി ആരോപണം മൂലമാണ് ആകാശ് ഒളിവില്‍ പോയത്. കൊല നടക്കുമ്പോള്‍ മകനും സുഹൃത്തും അമ്പലപ്പറമ്പിലായിരുന്നു. പൊലീസില്‍ കീഴടങ്ങിയതല്ല മകനെന്നും, പൊലീസ് സ്റ്റേഷനിലേക്ക് പോകുംവഴി അറസ്റ്റിലാവുകയായിരുന്നുവെന്നും രവി പറഞ്ഞിരുന്നു.

പൊലീസില്‍ വിശ്വാസമില്ലെന്ന് തന്നെയായിരുന്നു കഴിഞ്ഞ ദിവസം പി.ജയരാജനും പ്രസ്താവന നടത്തിയത്. കൊലപാതകത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും ജയരാജന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെ, ഇതില്‍ വിമര്‍ശനവുമായി കൊടിയേരിയും പിണറായിയും രംഗത്തെത്തുകയും ചെയ്തു. പൊലീസ് വിശ്വാസമില്ലെന്ന പ്രസ്താവന പാടില്ലായിരുന്നുവെന്ന് പിണറായി താക്കീത് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ വെച്ചാണ് പിണറായിയും കൊടിയേരിയും ജയരാജനും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

അതേസമയം കേസില്‍ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ പൊലീസിനകത്ത് തര്‍ക്കം രൂക്ഷമാണ്. പൊലീസിനെതിരെ കെ സുധാകരന്റെ നിരാഹാര സമരം തുടരുകയാണ്. ആരോഗ്യസ്ഥിതി മോശമാണെന്ന് ഡി.എം.ഒ റിപ്പോര്‍ട്ടുണ്ടെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്നാണ് സുധാകരന്‍ പറയുന്നത്.

chandrika: