കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുന്നു. ആകാശും റിജിന്‍ രാജും യഥാര്‍ത്ഥ പ്രതികളാണെന്നും അവര്‍ കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാന്‍ ഉറപ്പിച്ച് പറയുമ്പോഴും ആകാശിന്റെ ശരീരഘടനയുള്ള ആരും തന്നെ അക്രമിസംഘത്തില്‍ ഉണ്ടായിരുന്നില്ലെന്ന ഷുഹൈബിനൊപ്പം അക്രമിക്കപ്പെട്ട നൗഷാദിന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളയാനാവുന്നില്ല. ആകാശിനെ നേരിട്ട് അറിയാവുന്ന വ്യക്തിയാണ് താനെന്നും നൗഷാദ് പറയുന്നു. കീഴടങ്ങിയവര്‍ക്ക് ഷുഹൈബ് വധവുമായി ബന്ധമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ പാര്‍ട്ടി പൊലീസിനെ ഉപയോഗിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന സംശയമുയരുകയാണ്.
നിരാഹാര സമരം തുടരുന്ന കെ സുധാകരന്‍ ഷുഹൈബിനെ വെട്ടിക്കൊന്നത് കിര്‍മാണി മനോജാണെന്ന് ഇന്നലെയും ആവര്‍ത്തിച്ചു. മുറിവുകളുടെ സ്വഭാവം ഇത് വ്യക്തമാക്കുന്നുവെന്നും മനോജിന് ഇതിനാണ് പരോള്‍ നല്‍കിയതെന്നുമാണ് സുധാകരന്റെ വാദം. ആകാശ് സംഘത്തില്‍ ഉണ്ടെങ്കില്‍ അത് ജയരാജന്‍ അറിയാതെ നടക്കില്ലെന്നും കിര്‍മാണി മനോജിന്റെ പങ്ക് പുറത്തു വന്നാല്‍ ഗൗരവം വര്‍ധിക്കും എന്നത് കൊണ്ടാണ് ആകാശിനെ പ്രതിയാക്കിയതെന്നും സുധാകരന്‍ പറയുന്നു.
അതിനിടെ ഷുഹൈബ് വധക്കേസിലെ പ്രതികളെ യുഎപിഎ യില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചതായി സൂചനയുണ്ട്. ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന ആകാശിന്റെയും റിജിന്‍ രാജിന്റെയും മൊഴി ഇതിന്റെ ഭാഗമായാണെന്ന് കരുതപ്പെടുന്നു. ഷുഹൈബിന്റെ കൊലയാളികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം സൂചിപ്പിച്ചു. വാടകക്കെടുത്ത രണ്ട് വാഹനങ്ങളിലായാണ് അക്രമി സംഘം എത്തിയത്. ഷുഹൈബിനെ വെട്ടിക്കൊന്ന ശേഷം വന്ന കാറില്‍ തന്നെ മടങ്ങിയ അക്രമികള്‍ ഇടക്ക് വച്ച് രണ്ടാമത്തെ വാഹനത്തില്‍ കയറിപ്പോവുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ എം.വി ആകാശ് (24), കരുവള്ളിയിലെ രജിന്‍രാജ് (26) എന്നിവര്‍ റിമാന്റിലാണ്.